ഒരു മനുഷ്യന്റെ മുഖത്തെ ഏറ്റവും അവഗണിക്കപ്പെട്ട അവയവം ഏതാണെന്ന് ചോദിച്ചാൽ, ചെവികൾ എന്നൊരു ഉത്തരമേയുള്ളു!
കണ്ണുകളെയും, ചുണ്ടുകളെയും, മൂക്കിനെയും, പല്ലുകളെയും വർണ്ണിച്ചെഴുത്തുന്ന മഹാകവികൾ ചെവികൾക്ക് മാത്രം പ്രാധാന്യം കൊടുക്കാഞ്ഞതെന്തേ!?
പറയുമ്പോൾ പഞ്ചേന്ദ്രിയത്തിൽ പെട്ടത് തന്നെ; എന്നാൽ ചെയ്യുന്നത് മുഴുവൻ അടിമപ്പണിയാണ്.
കണ്ണും, മൂക്കും, ചുണ്ടും എല്ലാംകൂടി മുഖത്തുകേറി ഞെളിഞ്ഞിരുന്നപ്പോൾ, സ്ഥലക്കുറവ് മൂലം സൈഡ് ആക്കപ്പെടേണ്ടി വന്നവർ!
കാഴ്ചക്കുറവിന് വെക്കുന്ന കണ്ണടയുടെ ഭാരം മുഴുവൻ താങ്ങുന്നവർ…
മാസ്‌ക് വെക്കുമ്പോൾ വലിഞ്ഞു മുറുകുന്നവർ…
ഹെൽമറ്റ് വെക്കുമ്പോൾ ഞെരിച്ചു അമരുന്നവർ…
മുഖത്തിന് ചന്തം കൂട്ടാൻ വേണ്ടി കുഞ്ഞുംനാളിലേ കുത്തി ഓട്ടയാക്കപ്പെടുന്നവർ…
കുത്തിയ മുറിവ് അടഞ്ഞു പോകാതിരിക്കാനായി ഒരു പവൻ സ്വർണത്തിന്റെ കനം അടിച്ചേല്പിക്കപ്പെടുന്നവർ…
കണക്ക് തെറ്റിച്ചതിന്റെ പേരിൽ പിടിച്ചു തിരിച്ചു എത്രയോ പേർ …
ഒരുറുമ്പിനെ പോലും നോവിക്കാതിരുന്നിട്ടും, അടിച്ചു ചെവിക്കുറ്റി പൊട്ടിക്കും, ചെവിക്കല്ല് ഇളക്കും എന്നൊക്കെ ഭീഷണി കേൾക്കേണ്ടി വരുന്നവർ…
തോളിൽ കേറി ഇരിക്കുന്നവർ, കടിയ്ക്കുമോ എന്ന ഭയത്താൽ ഓരോ നിമിഷവും ഉള്ളുരുകി ജീവിക്കേണ്ടി വരുന്നവർ…
വെറുതെ ഇരുന്നു ബോറടിക്കുമ്പോൾ പെൻസിലും പേനയും വിരലും കൊണ്ട് കുത്തും, ഇളക്കലും നേരിടേണ്ടി വരുന്നവർ…
എല്ലാം സഹിച്ചിട്ടും ഉടമസ്ഥന്റെ ശ്രദ്ധക്കുറവിന് ഒരു ചെവിയിൽ കൂടി കേട്ട് മറുചെവിയിൽ കൂടി പുറത്തു കളഞ്ഞു എന്നു പഴി കേൾക്കേണ്ടി വരുന്നവർ…
*നമ്മുടെ ചെവിയെ നമുക്ക് സംരക്ഷിക്കാം….നല്ലത് കേൾക്കുക… നല്ലത് കേൾപിക്കുക…*