റഫയില്‍ കനത്ത ബോംബിംഗ് ; പള്ളിയും വീടുകളും തകര്‍ന്നു
ജറുസലം : പത്തു ലക്ഷത്തിലേറെ പലസ്തീന്‍കാര്‍ അഭയാര്‍ഥികൂടാരങ്ങളില്‍ കഴിയുന്ന തെക്കന്‍ ഗാസയിലെ റഫയില്‍ രാത്രികാല ബോംബിടല്‍ ഇസ്രയേല്‍ ശക്തമാക്കി. ഇന്നലെ കനത്ത ബോംബാക്രമണങ്ങളില്‍ നഗരമധ്യത്തിലെ അല്‍ ഫാറൂഖ് മസ്ജിദും 7 വീടുകളും തകര്‍ന്നടിഞ്ഞു. 24 മണിക്കൂറിനിടെ 97 പേര്‍ കൊല്ലപ്പെട്ടു. 130 പേര്‍ക്കു പരുക്കേറ്റു. ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 29,410 പലസ്തീന്‍കാരാണു കൊല്ലപ്പെട്ടത്. 69,465 പേര്‍ക്കു പരുക്കേറ്റു. സുരക്ഷാപ്രശ്‌നം മൂലം ഗാസയില്‍ സഹായവിതരണം നിര്‍ത്തിവെയ്ക്കുന്ന സാഹചര്യത്തില്‍ അടിയന്തിര വെടിനിര്‍ത്തലിന് യുനിസെഫ്, യുഎന്‍എച്ച്‌സിആര്‍, ഡബ്ല്യൂഎഫ്പി എന്നീ ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികളും ലോകാരോഗ്യസംഘടനയും സംയുക്ത പ്രസ്താവനയിറക്കി. പട്ടിണിയുടെ നിഴലിലായ ഗാസയില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്നു. ആശുപത്രികള്‍ പോലും യുദ്ധക്കളമായി മാറി. 10 ലക്ഷം കുട്ടികളാണു ദിവസവും യുദ്ധഭീകരത നേരിടുന്നത്. റഫയിലേക്കു കൂടി ആക്രമണം വ്യാപിക്കുന്നത് വന്‍ ആള്‍നാശത്തിനിടയാക്കും പ്രസ്താവനയില്‍ അറിയിച്ചു.