ഫോർഡ് വീണ്ടും ഇന്ത്യൻ വിപണിയിലേക്ക്; രണ്ടാം വരവിൽ ശ്രദ്ധ ഇലക്ട്രിക് വാഹനങ്ങളിൽ
ന്യൂഡൽഹി: യു.എസ് വാഹനഭീമൻ ഫോർഡ് വീണ്ടും ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു. ഇലക്ട്രിക് വാഹനങ്ങളുടെ നിർമാണവും വിൽപനയും ആയിരിക്കും പ്രധാനമായിട്ട് ഇന്ത്യയിൽ നടത്തുക. 2021ൽ ഇന്ത്യ വിട്ട ഫോർഡ് ചെന്നൈയിലെ പ്ലാന്റിലാവും കാറുകളുടെ ഉൽപാദനം നടത്തുക. ഹിന്ദു ബിസിനസ് ലൈനാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
അതേസമയം, മിഡ് സൈസ് എസ്‍.യു.വിയുടെ പേറ്റന്റിനായി ഫോർഡ് അപേക്ഷ നൽകിയിട്ടുണ്ടെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. ഹ്യുണ്ടായ് ക്രേറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര എന്നിവയുടെ എതിരാളിയായിരിക്കും ഫോർഡിന്റെ പുതിയ എസ്‍.യു.വി. പഴയ എൻഡവറും ഫോർഡ് ഇന്ത്യയിൽ അവതരിപ്പിച്ചേക്കും.
കമ്പനിയുടെ മറ്റൊരു മോഡലായ മസ്താങ് മാച്ച്-ഇയുടെ ട്രേഡ്മാർക്കും ഫോർഡ് ഇന്ത്യ സ്വന്തമാക്കിയെന്നാണ് വിവരം. മെഴ്സിഡെസ് ഇ.ക്യു.ഇ, ബി.എം.ഡബ്യു ഐ.എക്സ്, ഔഡി ക്യു8 ഇ-ട്രോൺ എന്നിവക്കെല്ലാം എതിരാളിയായിരിക്കും മസ്താങ് മാച്ച്-ഇ. നേരത്തെ ചെന്നൈയിലെ പ്ലാന്റ് വിൽക്കാൻ ജെ.എസ്.ഡബ്യു സ്റ്റീലുമായി ഫോർഡ് ചർച്ച തുടങ്ങിയതായി വാർത്തകളുണ്ടായിരുന്നു. എന്നാൽ, പിന്നീട് ചർച്ചകൾ അനന്തമായി ഫോർഡ് നീട്ടുകയായിരുന്നു.