സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് ഇന്നും ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിലുള്ള താപനിലയെക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാം.
ഇന്നും നാളെയും കൊല്ലം, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ഉയര്‍ന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ജനങ്ങള്‍ മുന്‍കരുതലുകളും ജാഗ്രതയും പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. മാര്‍ച്ച് രണ്ട് വരെ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴ മുന്നറിയിപ്പില്ല.
ഇന്ന് കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി തീരം, തെക്കന്‍ തമിഴ് നാട് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് നിര്‍ദേശത്തില്‍ പറയുന്നു.
രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെ പുറത്തേക്കിറങ്ങുമ്പോള്‍ സൂര്യപ്രകാശം ശരീരത്തില്‍ നേരിട്ട് പതിക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിര്‍ജ്ജലീകരണം ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലായതിനാല്‍ തന്നെ ധാരാളം ശുദ്ധജലം കുടിക്കണമെന്നും കഫൈന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കണമെന്നും അതോറിറ്റി പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.