ധാക്കയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 43പേർ മരിച്ചു
ധാക്ക : ബംഗ്ലദേശിലെ ധാക്കയില്‍ ബഹുനില കെട്ടിടത്തിനു തീപിടിച്ച് 43പേർ മരിച്ചു. നിരവധിപേർക്കു പരുക്കേറ്റു. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം ഉണ്ടായത്. മരണ സംഖ്യ ഉയരാനാണു സാധ്യത.
അപകടത്തിൽ നാൽപതിലധികം പേർക്കു പരുക്കേറ്റതായി ബംഗ്ലദേശ് ആരോഗ്യമന്ത്രി സാമന്ത ലാൽ സെൻ പറഞ്ഞു. പരുക്കേറ്റവരെ പ്രവേശിപ്പിച്ച ധാക്ക മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധാക്ക ബെയ്‌ലി റോഡിലുള്ള ബിരിയാണി സെന്ററിൽ വ്യാഴാഴ്ച രാത്രി 9.50ഓടെയാണ് തീപിടിത്തമുണ്ടായത്. വളരെപെട്ടെന്നു തന്നെ തീ കെട്ടിടത്തിന്റെ മുകൾ നിലയിലേക്കു പടരുകയായിരുന്നു എന്ന് അഗ്നിശമന സേന അറിയിച്ചു. രണ്ടു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൽ നിന്ന് എഴുപത്തിയഞ്ചോളം പേരെ രക്ഷപ്പെടുത്തി.
സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ബംഗ്ലദേശിൽ ഇത്തരത്തിലുള്ള തിപിടിത്തങ്ങളുണ്ടാകാറുണ്ട്. 2021 ജൂലൈയിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളടക്കം 52പേർ മരിച്ചിരുന്നു.