സിദ്ധാര്‍ത്ഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്.

0

തിരുവനന്തപുരം: സിദ്ധാര്‍ത്ഥ് നേരിട്ടത് ക്രൂര പീഡനമെന്ന് ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്വേഷണ റിപ്പോര്‍ട്ട്. മൂന്ന് ദിവസം തുടര്‍ച്ചയായി ബെല്‍റ്റ് ഉപയോഗിച്ച് മര്‍ദിച്ചു. ഹോസ്റ്റല്‍ മുറ്റത്ത് നഗ്‌നനാക്കി നിര്‍ത്തി. മരിക്കുന്ന ദിവസം ഉച്ചവരെയും മര്‍ദനം തുടര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

കേട്ടുകേള്‍വിയില്ലാത്ത ക്രൂരതയാണ് സിദ്ധാര്‍ത്ഥനോട് വിദ്യാര്‍ഥി സംഘം കാണിച്ചതെന്ന് സ്‌ക്വാഡ് അംഗങ്ങളായ അധ്യാപകര്‍ വ്യക്തമാക്കുന്നു. ഹോസ്റ്റല്‍ അന്തേവാസികളായ 98 വിദ്യാര്‍ഥികളില്‍ നിന്നു മൊഴിയെടുത്താണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഹോസ്റ്റലില്‍ സിദ്ധാര്‍ത്ഥനെ പരസ്യ വിചാരണ നടത്തി. മുറിയില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥികളെയും വിളിച്ചു വരുത്തി സിദ്ധാര്‍ഥിനെ അടിപ്പിച്ചുവെന്നും അടിക്കാന്‍ മടിച്ചവരെ ഭീഷണിപ്പെടുത്തി അടിപ്പിച്ചുവെന്നും വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

നടുമുറ്റത്ത് മാത്രമല്ല, ഹോസ്റ്റലിലെ 21 ാം നമ്പര്‍ മുറി, വാട്ടര്‍ ടാങ്കിന്റെ പരിസരം, ക്യാംപസിലെ കുന്ന് എന്നിവിടങ്ങളിലും സിദ്ധാര്‍ത്ഥനെ എത്തിച്ച് ബെല്‍റ്റുകൊണ്ടു മര്‍ദിച്ചു. പലതവണ ചവിട്ടിത്താഴെയിട്ടു. മുടിയില്‍ പിടിച്ചുവലിച്ചു. കവിളത്തു പലതവണ അടിക്കുകയും വയറ്റിലും നെഞ്ചത്തും ആഞ്ഞു തൊഴിക്കുകയും ചെയ്തു. നിലത്തെ അഴുക്കുവെള്ളം തുടപ്പിച്ചു. ഭക്ഷണമോ വെള്ളമോ നല്‍കാതെയാണ് മൂന്ന് ദിവസം തുടര്‍ച്ചയായി സിദ്ധാര്‍ത്ഥനെ പീഡിപ്പിച്ചതെന്നാണ് വിദ്യാര്‍ഥികളുടെ മൊഴി.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബിവിഎസ്സി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥനെ ഫെബ്രുവരി 18-നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വാലെന്റൈന്‍സ് ഡേ ദിനാചരണവുമായി ബന്ധപ്പെട്ട് കോളജിലുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജില്‍വച്ച് സിദ്ധാര്‍ത്ഥന് ക്രൂര മര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിട്ടിരുന്നു.

You might also like