ഗസ്സയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് ബൈഡൻ
ഗസ്സയിൽ വെടിനിർത്തലിന് ഹമാസ് തന്നെ തീരുമാനിക്കണമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ചർച്ചകൾ തുടരാൻ ബൈഡന്‍ ഖത്തറിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വെടിനിർത്തൽ കരാറിന് മുമ്പ് ബന്ദിമോചനം സാധ്യമല്ലെന്ന നിലപാടിലാണ് ഹമാസ്. ഗസ്സയിലേക്ക് സഹായം എത്തിക്കാൻ വൈകിയാൽ ആയിരങ്ങൾ മരിക്കുമെന്ന് യു.എൻ ഏജൻസികൾ മുന്നറിയിപ്പ് നൽകി.
കൈറോയിൽ തുടരുന്ന മധ്യസ്ഥ ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് കരാറിന് തടസം നിൽക്കുന്നത് ഹമാസാണെന്ന ബൈഡന്‍റെ കുറ്റപ്പെടുത്തൽ. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ മാർഗരേഖ ഇസ്രായേൽ അംഗീകരിച്ചതായി നേരത്തെ ബൈഡൻ വ്യക്തമാക്കിയിരുന്നു.എന്നാൽ കൈറോയിലേക്ക് സംഘത്തെ അയക്കാൻ വിസമ്മതിക്കുന്ന ഇസ്രായേൽ ഗസ്സയിൽ ഫലസ്തീൻ ജനതയെ പട്ടിണിക്കിട്ട് കൊല്ലാനാണ് ശ്രമിക്കുന്നതെന്ന് ഹമാസ് നേതാവ് ഒസാമ ഹംദാൻ കുറ്റപ്പെടുത്തി. വെടിനിർത്തൽ കരാറിന് പാതയൊരുക്കാൻ ബന്ദിമോചനം നടപ്പാക്കണമെന്ന ആവശ്യം ഹമാസ് തള്ളി. ഉപാധികളുടെ അടിസ്ഥാനത്തിൽ വെടിനിർത്തൽ നടപ്പാക്കിയാൽ മാത്രമേ ബന്ദിമോചനത്തിന് തയാറാകൂ എന്നും ഹമാസ് നേതൃത്വം അറിയിച്ചു.
ഗസ്സയിൽ ഉടൻ വെടിനിർത്തൽ അനിവാര്യമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആൻറണി ബ്ലിങ്കന്‍ പറഞ്ഞു. വാഷിങ്ടണിൽ ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ ബിൻ ജാസിം ആൽഥാനിക്കൊപ്പം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബ്ലിങ്കന്‍.