പാർക്കിൻ അടിസ്ഥാന ഓഹരി വില പുറത്ത്
ദുബൈ: പ്രാഥമിക ഓഹരി വിൽപന പ്രഖ്യാപിച്ച പാർക്കിൻ അടിസ്ഥാന ഓഹരി വില പുറത്തുവിട്ടു. രണ്ടിനും 2.10 ദിർഹത്തിനുമിടയിലാണ് ഓഹരി വില. ചെറുകിട നിക്ഷേപകർക്ക് മാർച്ച് 12 വരെ ഓഹരികൾ വാങ്ങാനുള്ള അവസരം ലഭിക്കും.
ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകർക്ക് ഈ മാസം 13 വരെ ഓഹരി വാങ്ങാൻ അവസരം ലഭിക്കും. മാർച്ച് 21ന് കമ്പനിയുടെ ഓഹരികൾ ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യും. ഫെബ്രുവരി 27ന് പ്രഖ്യാപിച്ച ഐ.പി.ഒയിലൂടെ 157 കോടി ദിർഹം സമാഹരിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
24.99 ശതമാനം ഓഹരിയാണ് കമ്പനി ദുബൈ ഫിനാൻഷ്യൽ മാർക്കറ്റിൽ വിറ്റഴിക്കുക. 74.97 കോടി ഓഹരികൾ നിക്ഷേപകരിലെത്തും. ഇതിൽ അഞ്ചു ശതമാനം എമിറേറ്റ്സ് ഇൻവെസ്റ്റ് അതോറിറ്റിക്കും അഞ്ചു ശതമാനം പെൻഷൻകാർക്കും പ്രാദേശിക സൈനികർക്കായുള്ള സോഷ്യൽ സെക്യൂരിറ്റി ഫണ്ടിനുമായി റിസർവ് ചെയ്തിട്ടുണ്ട്. ദുബൈ നഗരത്തിലെ മിക്ക പെയ്ഡ് പാർക്കിങ് സ്ഥലങ്ങളും നിയന്ത്രിക്കുന്നത് പാർക്കിനാണ്.
കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം 90 ശതമാനം തെരുവുകളിലെയും അല്ലാത്തതുമായ പാർക്കിങ് കമ്പനിക്ക് കീഴിലാണുള്ളത്. 85 സ്ഥലങ്ങളിലായി 1.75 ലക്ഷം പാർക്കിങ് സ്ഥലങ്ങൾ കമ്പനിക്ക് കീഴിലുണ്ട്. ഇതിന്പുറമെ, എഴ് ഡെവലപ്പർമാരുടെ കീഴിലെ 18,000 പാർക്കിങ് സ്ഥലങ്ങളും കമ്പനി ഓപറേറ്റ് ചെയ്യുന്നുണ്ട്. കഴിഞ്ഞ വർഷത്തെ പാർക്കിനിന്‍റെ വരുമാനത്തിൽ മുൻ വർഷത്തേക്കാൾ 13.5 ശതമാനം വർധിച്ചിരുന്നു.