നൈജീരിയയില്‍ മുന്നൂറോളം സ്‌കൂള്‍ കുട്ടികളെ തോക്കുധാരികള്‍ റാഞ്ചിയ സംഭവത്തില്‍ 28 പേര്‍ രക്ഷപ്പെട്ടു.
അബുജ: നൈജീരിയയില്‍ മുന്നൂറോളം സ്‌കൂള്‍ കുട്ടികളെ തോക്കുധാരികള്‍ റാഞ്ചിയ സംഭവത്തില്‍ 28 പേര്‍ രക്ഷപ്പെട്ടു. കടുന സംസ്ഥാന ഗവര്‍ണറെ ഉദ്ധരിച്ച് ബി.ബി.സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം, അക്രമികളുടെ വെടിയേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 14 വയസുകാരന്‍ മരിച്ചു.
വടക്കന്‍ നൈജീരിയയിലെ കുരിഗ പട്ടണത്തിലെ സ്‌കൂളില്‍ നിന്നാണ് മുന്നൂറോളം കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയത്. വനമേഖലകളില്‍ ഇവര്‍ക്കായി പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ എട്ടരയ്ക്കു സ്‌കൂള്‍ അസംബ്ലി നടന്നുകൊണ്ടിരിക്കുമ്പോള്‍ മോട്ടോര്‍ സൈക്കിളിലെത്തിയ അക്രമികളാണ് എട്ടിനും 15നുമിടയില്‍ പ്രായമുള്ള കുട്ടികളെ റാഞ്ചിയത്. തട്ടിക്കൊണ്ടുപോകലിനു പിന്നാലെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് ജാഗ്രത സമിതികള്‍ രൂപവത്കരിച്ചിട്ടുണ്ട്. അയല്‍ മേഖലകളില്‍നിന്നും സഹായം തേടി കുട്ടികളുടെ മോചനം ഉറപ്പാക്കാനാണ് ശ്രമം.
സെക്കന്‍ഡറി സ്‌കൂളിലെ 187, പ്രൈമറിയിലെ 125 ഉള്‍പ്പെടെ 312 വിദ്യാര്‍ഥികളെയാണു തട്ടിക്കൊണ്ടുപോയതെന്നും ഇതില്‍ 28 പേര്‍ തിരിച്ചെത്തിയെന്നും കടുന സംസ്ഥാന ഗവര്‍ണര്‍ ഉബാ സാനി അറിയിച്ചു. രണ്ട് അധ്യാപകരെ തട്ടിക്കൊണ്ടുപോയതില്‍ ഒരാള്‍ക്കു രക്ഷപ്പെടാന്‍ കഴിഞ്ഞു. പ്രദേശവാസികള്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. ഒരു പ്രദേശവാസി കൊല്ലപ്പെട്ടു.
പട്ടണത്തിലെ എല്ലാ വീട്ടിലെയും കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ട്. ഇവരെ കണ്ടെത്താന്‍ സായുധസേന ഓപ്പറേഷന്‍ ആരംഭിച്ചതായി ഗവര്‍ണര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം വടക്കുകിഴക്കന്‍ നൈജീരിയയില്‍ വിറകു ശേഖരിക്കാന്‍ പോയ ഡസന്‍കണക്കിനു സ്ത്രീകളെയും കുട്ടികളെയും ബോക്കോ ഹറാം ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിരുന്നു. സ്‌കൂളില്‍നിന്നുള്ള തട്ടിക്കൊണ്ടുപോകലിന് ഇതുമായി ബന്ധമില്ലെന്നാണ് അനുമാനം.
വടക്കുപടിഞ്ഞാറന്‍ നൈജീരിയയില്‍ മോചനദ്രവ്യത്തിനായി കൊള്ളക്കാര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ പലതവണ ഉണ്ടായിട്ടുണ്ട്.