മതനിന്ദ ആരോപണം വ്യാജമെന്ന് തെളിഞ്ഞു: പാക്ക് ക്രിസ്ത്യന്‍ യുവാവിന് അഞ്ചു വര്‍ഷത്തെ തടവിന് ശേഷം മോചനം
ലാഹോര്‍: പാക്കിസ്ഥാനിലെ ലാഹോറില്‍ മതനിന്ദാനിയമം ചുമത്തപ്പെട്ട് അറസ്റ്റിലായ ക്രൈസ്തവ വിശ്വാസിക്കു അഞ്ചു വര്‍ഷത്തിനുശേഷം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ലാഹോറില്‍ നിന്ന്‍ 50 കിലോമീറ്റര്‍ അകലെയുള്ള കസൂര്‍ സിറ്റിയില്‍ താമസിക്കുന്ന നബീല്‍ മസീഹ് എന്ന വ്യക്തിയ്ക്കാണ് അര പതിറ്റാണ്ടിന് ശേഷം നീതി ലഭിച്ചിരിക്കുന്നത്. 2016-ല്‍ നബീലിന് പതിനാറു വയസ്സുള്ളപ്പോഴാണ് കേസിനാസ്പദമായ സംഭവം. മതത്തെ നിന്ദിക്കുന്ന പോസ്റ്റ് വാട്ട്‌സാപ് ഗ്രൂപ്പില്‍ പങ്കുവച്ചു എന്നാരോപിച്ച് ഇസ്ലാം മത വിശ്വാസി നല്കിയ പരാതിയിലാണ് നബീലിനെതിരെ പോലീസ് നടപടിയെടുത്തു തടങ്കലിലാക്കിയത്. പ്രദേശത്തെ മതനേതാക്കളുടെ സമ്മര്‍ദ്ധം കേസിലുള്ള നടപടി വേഗത്തിലാക്കി.
എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് ഒടുവില്‍ പോസ്റ്റിന്റെ ഉറവിടം നബീല്‍ അല്ലെന്നു ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. മതനിന്ദാക്കുറ്റത്തിന്റെ പേരില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്‌പോള്‍ പാലിക്കേണ്ട നടപടികള്‍ പോലീസ് ചെയ്തില്ലായെന്ന് പറഞ്ഞ അഭിഭാഷകന്‍ അറസ്റ്റിലാകുന്‌പോള്‍ നബീലിനു പ്രായപൂര്‍ത്തി ആയിരുന്നില്ല എന്ന വസ്തുതയും കോടതിക്ക് മുന്നില്‍ ഉയര്‍ത്തിക്കാണിച്ചു. കേസും വിചാരണയും നീട്ടുന്നതു മൂലം നബീല്‍ വര്‍ഷങ്ങളായി ജയിലില്‍ ദുരിതമനുഭവിക്കുകയാണെന്നും അഭിഭാഷകന്‍ പറഞ്ഞു.
ഒരു മുസ്ലീം മതവിശ്വാസിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ ആര്‍ക്കു നേരെ വേണമെങ്കിലും ചുമത്തപ്പെടുവാന്‍ സാധിക്കുന്ന കുറ്റമാണ് പാക്കിസ്ഥാനിലെ വിവാദമായ മതനിന്ദാ നിയമം. കുറ്റാരോപിതനായ വ്യക്തി നിരപരാധിയെങ്കിലും രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നും നീതി ലഭിക്കുന്നത് വിരളമാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. മതനിന്ദാ നിയമം ക്രൈസ്തവര്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുവാനുള്ള നടപടിയായാണ് നിരീക്ഷിക്കപ്പെടുന്നത്. 2011-2015 കാലയളവില്‍ 1296 മതനിന്ദ കേസുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം കടുത്ത മനുഷ്യാവകാശ ലംഘനമായ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും പാക്കിസ്ഥാന്‍ മൗനം തുടരുകയാണ്.