ഹംഗറി: ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹത്തെ ചേർത്തുപിടിച്ച രാജ്യം
ബാഗ്ദാദ്: ഫ്രാൻസിസ് പാപ്പയുടെ ഇറാഖ് സന്ദർശനം ആരംഭിക്കുവാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ രാജ്യത്തെ ക്രൈസ്തവ സമൂഹത്തെ ചേർത്തു പിടിക്കുന്ന ഹംഗേറിയൻ ഭരണകൂടത്തിന്റെ നടപടികൾ വീണ്ടും ചർച്ചയാകുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 6.5% ക്രൈസ്തവരാണ് ഇറാഖിൽ ഉണ്ടായിരുന്നത്. ഇപ്പോൾ ക്രൈസ്തവ ജനസംഖ്യ ഒരു ശതമാനത്തിൽ താഴെ മാത്രമാണ്. ഇസ്ലാമിക് സ്റ്റേറ്റിന്റെ കടന്നു കയറ്റത്തോടു കൂടിയാണ് ക്രൈസ്തവരുടെ നില ക്രമാതീതമായി കുറഞ്ഞത്. അനേകായിരങ്ങൾ രാജ്യത്തു നിന്ന് പലായനം ചെയ്യുകയായിരിന്നു. രാജ്യത്തു ശേഷിക്കുന്ന ക്രൈസ്തവരെ നിലനിർത്തുവാനും പലായനം ചെയ്തവരെ തിരികെ കൊണ്ടുവരുവാനും നിരവധി പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ നടന്നത്.ഇറാഖിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും ഇത് ഏറെ ശ്രമകരമാണ്. യൂറോപ്യൻ രാജ്യമായ ഹംഗറി ഭരിക്കുന്ന വിക്ടർ ഓർബൻ സർക്കാർ ഇറാഖിൽ നടത്തുന്ന പ്രവർത്തനങ്ങൾ ഇതിൽ ഏറെ ശ്രദ്ധേയമാണ്.
‘ഹംഗറി ഹെൽപ്സ്’ എന്ന പദ്ധതിയിലൂടെ 62.5 മില്യൺ ഡോളറാണ് (450 കോടിയോളം രൂപ) ഹംഗറി ഇതുവരെ ഇറാഖിൽ ചെലവഴിച്ചിരിക്കുന്നത്. സർക്കാർ നേരിട്ട് മുൻകൈ എടുത്ത് ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ഒരു വകുപ്പ് പോലും നിലവിലുണ്ട്. ക്രൈസ്തവർക്ക് സുരക്ഷിതമായി തിരികെ മടങ്ങാൻ സാഹചര്യം ഉണ്ടാക്കുന്നതിനുവേണ്ടി നിനവേ പ്രവിശ്യയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് തങ്ങൾ പ്രാധാന്യം നൽകുന്നതെന്ന് പീഡിത ക്രൈസ്തവസമൂഹത്തിനു വേണ്ടിയുള്ള ഹംഗേറിയൻ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റൺ ആസ്ബേജ് വ്യക്തമാക്കിയിരിന്നു. പീഡിത ക്രൈസ്തവ സമൂഹത്തിന്റെ അവസ്ഥ കാണാൻ കുർദിസ്ഥാനിൽ സന്ദർശനം നടത്തിയ അദ്ദേഹം ദശലക്ഷകണക്കിന് രൂപയാണ് ഇവിടെ മാത്രം ചെലവഴിക്കുവാൻ നിർദ്ദേശം നൽകിയത്.
ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ അതിക്രമങ്ങൾ ക്രൈസ്തവരെ മാത്രമല്ല ഇസ്ലാം മതവിശ്വാസികളെയും, ന്യൂനപക്ഷ വിഭാഗങ്ങളെയും ബാധിച്ചിട്ടുണ്ടെന്ന് സന്ദർശനത്തിനുശേഷം ആസ്ബേജ് വിശദീകരിച്ചു. ചില സമയങ്ങളിൽ തങ്ങളുടെ നാടുപേക്ഷിച്ച് പലായനം ചെയ്യുക, അല്ലെങ്കിൽ മതം മാറുക എന്നീ രണ്ടു വഴികൾ മാത്രമേ അവരുടെ മുൻപിൽ ഉണ്ടായിരുന്നുള്ളൂ. ഇതിന് വിസമ്മതിക്കാതിരുന്നവരെ തീവ്രവാദികൾ കൂട്ടക്കൊല ചെയ്തു. ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ കൊലപാതകങ്ങളെ വംശഹത്യ യോടാണ് അദ്ദേഹം ഉപമിച്ചത്.
ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് സന്ദർശനവേളയിൽ ഇർബിൽ നഗരത്തിൽ അർപ്പിക്കാനിരിക്കുന്ന വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ട്രിസ്റ്റൺ ആസ്ബേജിന് പദ്ധതിയുണ്ട്. നഗരത്തിലെ അഭയാർത്ഥികൾക്ക് മരുന്നും, വെള്ളവും, വിദ്യാഭ്യാസവുമടക്കം ഹംഗറി നൽകുന്നുണ്ട്. ഹംഗറി ഹെൽപ്പ്സ് സംരംഭത്തിലൂടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തിയ കേന്ദ്രങ്ങൾ ഫ്രാൻസിസ് മാർപാപ്പ സന്ദർശിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രിയ, പോളണ്ട്, അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഇറാഖിൽ സഹായമെത്തിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലുള്ളവയാണെങ്കിലും പീഡിത ക്രൈസ്തവരെ പ്രത്യേകം സഹായിക്കുവാൻ ഒരു ഭരണവിഭാഗം തന്നെ രൂപീകരിച്ച രാജ്യമെന്ന സവിശേഷതയാണ് ഹംഗറിയെ വേറിട്ടതാക്കുന്നത്.