കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ച നിലയില്‍
ഒട്ടാവ: കാനഡയിലെ ഒന്റാറിയോയില്‍ ഇന്ത്യന്‍ വംശജരായ മൂന്നംഗ കുടുംബം വീടിന് തീപിടിച്ച് മരിച്ച നിലയില്‍. രാജീവ് വരിക്കോ(51), ഭാര്യ ശില്‍പ കോഥ(47), ഇവരുടെ മകള്‍ മഹെക് വരിക്കോ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് അറിയിച്ചു. തീപിടിത്തം യാദൃശ്ചികമായി ഉണ്ടായതല്ല എന്നാണ് പൊലീസിന്റെ നിഗമനം. മാര്‍ച്ച് ഏഴിനാണ് തീപിടിത്തം ഉണ്ടായതെങ്കിലും മരിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.
ബ്രാംപ്ടണിലെ ബിഗ് സ്‌കൈ വേയിലുള്ള ഇവരുടെ വീടിന് തീപിടിക്കുകയായിരുന്നു എന്ന് പീല്‍ പൊലീസിന്റെ പ്രസ്താവനയില്‍ പറയുന്നു. വീട് പൂര്‍ണമായും കത്തി നശിച്ചു. എത്ര പേരാണ് മരിച്ചത് എന്ന് പോലും തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു.
അഗ്‌നിബാധയെക്കുറിച്ച് അയല്‍വാസികളാണ് പോലീസില്‍ അറിയിച്ചത്. പോലീസും ഫയര്‍ ഫോഴ്‌സും എത്തിയായിരുന്നു തീ നിയന്ത്രണവിധേയമാക്കിയത്. പോലീസും ഫയര്‍ ഫോഴ്‌സും എത്തുമ്പോഴേക്കും വീടിന്റെ ഭൂരിഭാഗവും കത്തിനശിച്ചിരുന്നു.
വീടിനുള്ളില്‍ നിന്ന് ലഭിച്ച മൃതദേഹ അവശിഷ്ടങ്ങള്‍ പരിശോധിച്ചാണ് കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. 15 വര്‍ഷമായി കുടുംബം ഇവിടെ താമസിക്കുന്നു. സംശയാസ്പദമായി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് സമീപവാസികളുടെ പ്രതികരണം. എന്നാല്‍ കുടുംബത്തിന്റെ ദുരഹമരണവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാവുന്നവര്‍ ഉണ്ടെങ്കില്‍ വിവരം നല്‍കണം എന്ന് പൊലീസ് ആവശ്യപ്പെടുന്നു.