ഇസ്രയേൽ- ഗാസ യുദ്ധം ; 13,000ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടു, ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്
ഗാസ സിറ്റി : ഇസ്രായേൽ-ഹമാസ് സംഘർഷവുമായി ബന്ധപ്പെട്ട് ഗാസയിൽ 13,000-ത്തിലധികം കുട്ടികൾ കൊല്ലപ്പെട്ടുവെന്ന് യുണിസെഫ്. നിരവധി കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നുണ്ടെന്നും അവർക്ക് കരയാൻ പോലും ശക്തിയില്ലെന്നും ഏജൻസി പറഞ്ഞു. ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ട്. അവർ എവിടെയാണെന്ന് പോലും അറിയില്ല. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയിരിക്കാം. ലോകത്തിലെ മറ്റേതൊരു സംഘട്ടനത്തിലും കുട്ടികൾക്കിടയിൽ ഇത്രയും മരണനിരക്ക് കണ്ടിട്ടില്ലെന്ന് യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസൽ പറഞ്ഞു. കടുത്ത പോഷകാഹാരക്കുറവ് കൊണ്ട് ബുദ്ധിമുട്ടുന്ന കുട്ടികളുടെ വാർഡുകളിൽ ഞാൻ ഉണ്ടായിരുന്നു. വാർഡ് മുഴുവൻ തികച്ചും നിശബ്ദമാണ്. കാരണം കുട്ടികൾക്കും കുഞ്ഞുങ്ങൾക്കും കരയാൻ പോലും ശക്തിയില്ല.-കാതറിൻ റസൽ കൂട്ടിച്ചേർത്തു.