ആഗോളതാപനംമൂലം ലോകം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന
ജനീവ: ആഗോളതാപനംമൂലം ലോകം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.). കഴിഞ്ഞവർഷം റെക്കോഡ് അളവിൽ ഹരിതഗൃഹവാതകങ്ങൾ പുറന്തള്ളിയതും കരയിലും വെള്ളത്തിലും ചൂടുയർന്നതും ഹിമാനികളും കടലിലെ ഐസും ഉരുകിയതും ഡബ്ല്യു.എം.ഒ. ചൂണ്ടിക്കാട്ടി. ഈ സ്ഥിതി നിയന്ത്രിച്ച് കാലാവസ്ഥയെ പഴയപോലെയാക്കാനുള്ള ലോകത്തിന്റെ ശ്രമം പോരെന്ന് സംഘടന മുന്നറിയിപ്പ് നൽകി. ഏറ്റവും ചൂടേറിയ വർഷമെന്ന 2023-ന്റെ റെക്കോഡ്, 2024 തിരുത്താനുള്ള സാധ്യതയേറെയാണെന്നും ഡബ്ല്യു.എം.ഒ. ചൊവ്വാഴ്ച പുറത്തിറക്കിയ ‘ആഗോള കാലാവസ്ഥയുടെ അവസ്ഥ’ എന്ന റിപ്പോർട്ടിൽ പറയുന്നു. ആഗോളതാപനം ഈ നൂറ്റാണ്ടിൽ ഒന്നര ഡിഗ്രി സെൽഷ്യസ് കടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂട്ടായ ശ്രമം വേണമെന്ന് സംഘടന പറഞ്ഞു.