വൃത്തിയിൽ ലോകത്ത് ഏറ്റവും മുന്നിൽ ഡെന്മാർക്ക്; ഏറ്റവും പിറകിലെ സ്ഥാനം ഇന്ത്യക്കും
കോപ്പൻഹേഗൻ: ലോക രാജ്യങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ ഏറ്റവും പിറകിൽ ഇന്ത്യ . യൂറോപ്പ്യൻ രാജ്യങ്ങളാണ് വൃത്തിയിൽ മുന്നിലുള്ളത്. പരിസ്ഥിതി പ്രകടന സൂചികയായ ഇ.പി.ഐ സ്‌കോർ 77.9 ശതമാനം നേടി ഡെന്മാർക്ക് ആണ് ലോകത്ത് ഏറ്റവും വൃത്തിയേറിയതും അന്തരീക്ഷം ശുദ്ധമായതുമായ രാജ്യം.
മലിനജല നിവാരണം, ജലജീവി സംരക്ഷിത പ്രദേശങ്ങൾ, തുടങ്ങി പല മേഖലകളിലും ഡെന്മാർക്ക് 100 ശതമാനം പോയിന്റും നേടിയാണ് ഒന്നാമതെത്തിയത്. ഹരിതഗൃഹവാതകങ്ങൾക്ക് എതിരെ പ്രവർത്തിച്ചും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ ശക്തമായ നടപടിയെടുത്തുമാണ് ഡെൻമാർക്ക് നില കൂടുതൽ മെച്ചപ്പെടുത്തിയത്. ഇ.പി.ഐ സ്‌കോർ 77.7 ശതമാനം ഉള്ള യു.കെയാണ് രണ്ടാം സ്ഥാനത്ത്. 67.5 മില്യൺ ജനങ്ങൾ വസിക്കുന്ന രാജ്യത്ത് ഇത് വലിയ അംഗീകാരമുള്ള സ്‌കോറാണ്. കുടിവെള്ളം, ശുചീകരണം, മലിനീകരണം എന്നിവയിൽ മുഴുവൻ മാർക്കുകളും നേടിയാണ് യു.കെ രണ്ടാം സ്ഥാനത്തെത്തിയത്.
എന്നാൽ പരിസ്ഥിതി പ്രകടന സൂചികയിൽ കേവലം 18.9 ശതമാനം സ്‌കോർ മാത്രമുള്ള ഇന്ത്യയ്ക്ക് 180-ാമതായി ലോകരാജ്യങ്ങളിൽ ഏറ്റവും പിറകിലാണ് സ്ഥാനം. കഴിഞ്ഞ ഒരു പതിറ്റാണ്ടിനകം -0.6 ആണ് ഇന്ത്യയുടെ മാറ്റം. 76.5 ശതമാനം സ്‌കോർ നേടിയ ഫിൻലൻഡാണ് മൂന്നാം സ്ഥാനത്ത്. രാജ്യത്തെ ഊർജ ആവശ്യങ്ങൾ 42 ശതമാനവും പുനരുപയോഗിക്കാവുന്ന വസ്തുക്കളിൽ നിന്നാണ്. കുടിവെള്ളം, വന്യജീവി സംരക്ഷണം ഇവയിലും രാജ്യം ഏറെ മുന്നിലാണ്.