ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിയിൽ ലോക്കൽ ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്ഥിരം ഒഴിവും താത്കാലിക ഒഴിവുകളുമുണ്ട്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച അറിയിപ്പ് എംബസി പ്രസിദ്ധീകരിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടർ പരിജ്ഞാനവും എംഎസ് ഓഫീസ് പ്രാവീണ്യവും വേണം.
ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാൻ അറിയുന്നവരായിരിക്കണം. 21 വയസിനും 45 വയസിനും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. 2024 ഫെബ്രുവരി 29 അടിസ്ഥാനപ്പെടുത്തിയായിരിക്കും പ്രായം കണക്കാക്കുക. ഏതെങ്കിലും പ്രമുഖ സ്ഥാപനത്തിലോ ഓഫീസിലോ ക്ലറിക്കൽ ജോലികളിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.
അറബി ഭാഷയിലെ പ്രാവീണ്യം അധിക യോഗ്യതയാണ്. ഉദ്യോഗാർത്ഥികൾക്ക് തങ്ങൾക്കുള്ള അധിക യോഗ്യതകളോ പ്രവൃത്തി പരിചയമോ സർട്ടിഫിക്കറ്റുകളോ അപേക്ഷയിൽ കാണിക്കാം. എല്ലാ അലവൻസുകളും ഉൾപ്പെടെ 5,500 ഖത്തരി റിയാലാണ് പ്രതിമാസ ശമ്പളം. സാധുതയുള്ള റെസിഡൻസ് വിസയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ഏപ്രിൽ ഏഴിന് മുമ്പ് അപേക്ഷ സമർപ്പിക്കാം. അപേക്ഷ അയക്കാനുള്ള ലിങ്ക് എംബസി ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഉൾപ്പെടെ പ്രസിദ്ധീകരിച്ചിട്ടുള്ള അറിയിപ്പിനൊപ്പം നൽകിയിട്ടുണ്ട്.