പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

0

കൊച്ചി : പെരുന്നാളും വിഷുവും ഈസ്റ്ററും ആഘോഷിക്കാൻ കുടുംബസമേതം നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാന ടിക്കറ്റ് നിരക്ക് കുതിച്ചുയർന്നു. ചില സെക്ടറിൽ 3 ഇരട്ടിയോളമാണു വർധന. ഗോ ഫസ്റ്റ് സർവീസ് അവസാനിപ്പിച്ചതോടെ ദോഹയിലേക്കുള്ള ഇൻഡിഗോയുടെ സർവീസ് ഒഴികെ മറ്റെല്ലാ രാജ്യാന്തര റൂട്ടുകളിലും എയർ ഇന്ത്യ എക്സ്പ്രസാണ് സർവീസ് നടത്തുന്നത്. മത്സരം ഇല്ലാതായതോടെ നിരക്കും കൂടി. നിരക്ക് തീരുമാനിക്കുന്നതു വിമാന കമ്പനികൾ നേരിട്ടാണ്.

മാർച്ച് 28ന് ജിദ്ദയിൽ നിന്ന് കണ്ണൂരിലെത്താൻ 60,500 രൂപ മുടക്കണം. ഏപ്രിൽ 2ന് 55,000 രൂപയും 10ന് 50,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ആഘോഷങ്ങൾ കഴിഞ്ഞ് തിരിച്ച് പോകാൻ ഏപ്രിൽ 14ന് ശേഷം ജിദ്ദയിലേക്ക് 30,000 നും 35,000 നും ഇടയിൽ ചെലവാക്കണം.
∙ സാധാരണഗതിയിൽ ബഹ്റൈനിൽ നിന്ന് 12,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. ഏപ്രിൽ ആദ്യവാരത്തിൽ ഇത് 26,000 രൂപയ്ക്ക് മുകളിലാണ്. ഏപ്രിൽ പകുതിക്ക് ശേഷം തിരിച്ച് ബഹ്റൈനിലേക്ക് പോകാനും ഇതേ നിരക്കിലാണ് ടിക്കറ്റ്.
റിയാദിൽ നിന്ന് മാർച്ച് 28ന് നാട്ടിലെത്താൻ 39,000 രൂപയ്ക്ക് മുകളിൽ നൽകണം. തിരിച്ച് പോകാനും 35,000 നും 37,000 നും ഇടയിലാണ് ടിക്കറ്റ് നിരക്ക്.

You might also like