മോസ്‌കോ ഭീകരാക്രമണം; ഐസിസുമായി ബന്ധമുള്ള 150ഓളം പേര്‍ തുര്‍ക്കിയില്‍ കസ്റ്റഡിയില്‍

0

അങ്കാറ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയ്ക്ക് സമീപം ക്രോക്കസ് സിറ്റി ഹാളില്‍ മാര്‍ച്ച് 22ന് നടന്ന ഭീകരാക്രമണത്തിന് ശേഷം ഐസിസുമായി ബന്ധമുണ്ടെന്ന് കരുതുന്ന നൂറ്റന്‍പതോളം പേരെ തുര്‍ക്കി അധികൃതര്‍ കസ്റ്റഡിയിലെടുത്തു. ഇസ്താംബൂളില്‍ നിന്ന് റഷ്യയിലേക്ക് കടന്നതായി ആരോപിക്കപ്പെടുന്ന രണ്ട് കുറ്റവാളികളുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിലാണ് ഇത്രയും പേര്‍ കസ്റ്റഡിയിലായത്.

രാജ്യവ്യാപകമായി ഒരേസമയം 30 നഗരങ്ങളിലാണ് റെയ്ഡുകള്‍ നടത്തിയത്. ഇസ്‌ലാമിക് സ്റ്റേറ്റ് ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന 147 പേരെ തുര്‍ക്കി അധികൃതര്‍ തടഞ്ഞുവച്ചതായി ആഭ്യന്തര മന്ത്രി അലി യെര്‍ലികായ സാമൂഹ്യ മാധ്യമ പോസ്റ്റില്‍ പറഞ്ഞു.

റെയ്ഡുകളില്‍ വന്‍തുക വിദേശ കറന്‍സിയും സംഘടനാ രേഖകളും ഡിജിറ്റല്‍ സാമഗ്രികളും കണ്ടുകെട്ടിയതായി തുര്‍ക്കി ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ഏകോപിത റെയ്ഡുകളില്‍ പ്രവിശ്യകളിലുടനീളമുള്ള 40 ഐ എസ് തീവ്രവാദികളെ തുര്‍ക്കി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തതായി മാര്‍ച്ച് 24ന് യെര്‍ലികായ പറഞ്ഞതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനവും വന്നതെന്ന് വന്നതെന്ന് അല്‍-മോണിറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു.

139 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 11 പേരെ റഷ്യന്‍ അധികൃതര്‍ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ രണ്ട് താജിക്ക് പൗരന്മാരായ റച്ചബാലിസോഡ സൈദാക്രമി, ഷംസിദിന്‍ ഫരീദുനി എന്നിവര്‍ തുര്‍ക്കിയില്‍ നിന്ന് യാത്ര ചെയ്തവരാണ്.

അറസ്റ്റിന് വാറണ്ട് ഇല്ലാത്തതിനാല്‍ ഇരുവര്‍ക്കും റഷ്യയ്ക്കും തുര്‍ക്കിക്കും ഇടയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ കഴിഞ്ഞതായി ഒരു തുര്‍ക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി എ എഫ് പിയോട് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണത്തിന് തൊട്ടുമുമ്പ് ഇരുവരും തുര്‍ക്കിയില്‍ സമയം ചെലവഴിക്കുകയും ഇസ്താംബൂളില്‍ നിന്ന് ഒരേ വിമാനത്തില്‍ ഒരുമിച്ച് റഷ്യയിലേക്ക് കടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

തുര്‍ക്കി ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് ഫെബ്രുവരി 20ന് തുര്‍ക്കിയില്‍ പ്രവേശിച്ച ഫരീദുനി മാര്‍ച്ച് രണ്ടിന് ഇസ്താംബൂള്‍ വിമാനത്താവളം വഴി റഷ്യയിലേക്ക് പോയി.

റഷ്യയിലെ വിസയുടെ കാലാവധി കഴിഞ്ഞതിനാല്‍ തുര്‍ക്കിയിലേക്ക് പോകേണ്ടി വന്നതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ ഫരീദുനി സമ്മതിച്ചിരുന്നു.

ജനുവരി 5ന് ഇസ്താംബൂളിലെത്തിയ സൈദാക്രമി മാര്‍ച്ച് 2ന് മോസ്‌കോയിലേക്ക് മടങ്ങി.

ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുക്കുകയും തോക്കുധാരികളുടെ ഗ്രാഫിക് വീഡിയോകള്‍ പുറത്തുവിടകയും ചെയ്തിരുന്നു.

ആക്രമണത്തിന് പിന്നില്‍ ‘തീവ്ര ഇസ്‌ലാമിസ്റ്റുകള്‍’ ആണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞിരുന്നു. അതോടൊപ്പം യുക്രെയ്‌നു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

You might also like