മാലിന്യ നിർമാർജനം ലളിതമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സർവീസുമായി ഖത്തർ
ദോഹ: മാലിന്യ നിർമാർജനം ലളിതമാക്കാൻ ഡിജിറ്റൽ പെർമിറ്റ് സർവീസുമായി ഖത്തർ നഗരസഭാ മന്ത്രാലയം. അന്താരാഷ്ട്ര സീറോ വേസ്റ്റ് ഡേയുടെ ഭാഗമായാണ് മന്ത്രാലയം പുതിയ സേവനത്തിന്റെ പ്രഖ്യാപനം നടത്തിയത്.
സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല കമ്പനികൾ, സ്വകാര്യ സ്ഥാപനങ്ങൾ, കുടുംബങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ നിന്നുള്ള മാലിന്യ നിർമാർജന പ്രക്രിയ കാര്യക്ഷമമാക്കാനാണ് നൂതന സംവിധാനമൊരുക്കുന്നത്.
മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രവേശിച്ച് ലളിതമായ അടിസ്ഥാന വിവരങ്ങൾ നൽകികൊണ്ട് മാലിന്യങ്ങൾ യഥാസ്ഥാനങ്ങളിൽ നിക്ഷേപിക്കുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാം. ഖര മാലിന്യങ്ങൾ, ഹരിത മാലിന്യങ്ങൾ, പുനരുപയോഗിക്കാവുന്നവ ഉൾപ്പെടെ മന്ത്രാലയത്തിനു കീഴിലെ മാലിന്യ സംസ്കരണ കേന്ദ്രങ്ങളിൽ ഇതു വഴി നിക്ഷേപിക്കാവുന്നത്.
വിവിധ തരം മാലിന്യങ്ങൾ പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് സുരക്ഷിതമായി നിക്ഷേപിക്കാൻ ഗുണഭോക്താക്കളെ പ്രാപ്തരാക്കുകയാണ് മന്ത്രാലയത്തിന്റെ ഡിജിറ്റൽ പെർമിറ്റ് പ്ലാറ്റ്ഫോം വഴി ലക്ഷ്യമിടുന്നത്. നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം വഴിയാണ് ഡിജിറ്റൽ പെർമിറ്റിനായി രജിസ്റ്റർ ചെയ്യേണ്ടത്.