അമേരിക്കന്‍ നാവിക സേനയുടെ കപ്പലുകള്‍ക്ക് അറ്റകുറ്റപ്പണിക്കുള്ള കരാര്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്
കേന്ദ്രസര്‍ക്കാര്‍ സംരംഭമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അമേരിക്കന്‍ നാവിക സേനയുമായി മാസ്റ്റര്‍ ഷിപ്പ്യാര്‍ഡ് റിപ്പയര്‍ എഗ്രിമെന്റില്‍ ഒപ്പുവച്ചു. ഒരു സാമ്പത്തികേതര കരാറാണിത്. ഏപ്രില്‍ 5 ന് പ്രാബല്യത്തില്‍ വന്നു.
കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ മിലിട്ടറി സീ ലിഫ്റ്റ് കമാന്‍ഡിന് കീഴിലുള്ള യുഎസ് നാവിക കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ക്കായാണ് കരാര്‍. ഇതോടെ 2024ല്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഹരികള്‍ ഏകദേശം 60 ശതമാനം ഉയര്‍ന്ന് 1,079 രൂപയായി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ, 343 ശതമാനം വരെ ഉയര്‍ന്നു.
കഴിഞ്ഞ വര്‍ഷത്തെ ജി 20 ഉച്ചകോടിയില്‍ ഇന്ത്യയും യുഎസും തമ്മില്‍ ധാരണയിലായ നാവിക സഹകരണത്തിന്റെ ഭാഗമാണ് പുതിയ കരാര്‍. ഇതനുസരിച്ച് യുഎസ് നാവികസേനയുടെ കപ്പലുകള്‍ ഇപ്പോള്‍ കൊച്ചിന്‍ ഷിപ്പ്യാര്‍ഡില്‍ ഡോക്ക് ചെയ്യുകയും അറ്റകുറ്റപ്പണികള്‍ നടത്തുകയും ചെയ്യും.