യുഎഇയിൽ മഴക്കെടുതിയനുഭവിക്കുന്നവരെ ചേർത്തുപിടിച്ച് മലയാളികൾ; സഹായത്തിന് വാട്സാപ് ഗ്രൂപ്പുകൾ

0

ദുബായ് : യുഎഇയിൽ കഴിഞ്ഞ 75 വര്‍ഷത്തിനിടയിലെ ഏറ്റവും കനത്ത മഴ തുടരുകയും ജനജീവിതം സ്തംഭിക്കുകയും ചെയ്തപ്പോൾ സഹജീവികളെ ചേർത്തുപിടിക്കാൻ പതിവുപോലെ മലയാളികൾ രംഗത്ത്. വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയും മറ്റു സമൂഹമാധ്യമത്തിലൂടെയും ആളുകൾ പരസ്പരം കൈകോർത്ത് സന്നദ്ധ സേവനം നടത്തുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ സേവനം തുടരുന്ന ഹൃദയസ്പർശിയായ കാഴ്ചയാണെങ്ങും.

യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്നവരും രാജ്യത്ത് ഇതര ഗൾഫ് രാജ്യങ്ങളിൽ നിന്നും അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽനിന്നുമൊക്കെ പെരുന്നാൾ ആഘോഷത്തിനും സന്ദർശനത്തിനും എത്തിയ ഒട്ടേറെ പേരും ഇന്നലെ യാത്ര ചെയ്യാൻ സാധിക്കാതെ പാതിവഴിയിൽ കുടുങ്ങി. വിമാനത്താവളങ്ങൾ, വിവിധ മാളുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയയിടങ്ങളിലാണ് ഭക്ഷണം പോലും കഴിക്കാനാകാതെ ആളുകൾ കുടുങ്ങിയത്.  ദുബായിലെ പ്രധാന ഹൈവേയായ ഷെയ്ഖ് സായിദ് റോഡിൽ വൻ  ഗതാഗതകുരുക്ക് അനുഭവപ്പെട്ടതും ദുബായ് മെട്രോ റെ‍ഡ് ലൈൻ സർവീസ് ചില നേരങ്ങളിൽ മുടങ്ങിയതും പബ്ലിക് ബസ്, ടാക്സി എന്നിവ ലഭിക്കാത്തതും പ്രതിസന്ധിക്ക് കാരണമായി. താമസിക്കാൻ ഹോട്ടലുകൾ ലഭിക്കുക എന്നതും ശ്രമകരമായിരുന്നു. മഴ തോർന്നാൽ ഗതാഗതം പുനരാരംഭിക്കുമെന്ന് കരുതി മണിക്കൂറുകളോളം കാത്തിരുന്നവർ നിരവധി . കഴിയുംവിധം ഇവരെയെല്ലാം സഹായിക്കാൻ ശ്രമിക്കുകയാണ് കൂട്ടായ്മകൾ.

You might also like