ഫ്രാന്‍സിസ് പാപ്പയുടെ പ്രതിവാര പൊതു സദസില്‍ കത്തികളുമായി കടന്നു കയറാന്‍ ശ്രമിച്ച കുപ്രസിദ്ധ അമേരിക്കന്‍ കുറ്റവാളി അറസ്റ്റില്‍
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പയുടെ പ്രതിവാര പൊതു സദസില്‍ ആയുധങ്ങളുമായി കടന്നു കയറാന്‍ ശ്രമിച്ച കുപ്രസിദ്ധ കുറ്റവാളിയെ ഇറ്റാലിയന്‍ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ ‘മോസ്റ്റ് വാണ്ടഡ്’ കുറ്റവാളികളുടെ പട്ടികയിലുള്ള മോയ്സെസ് തേജഡയെ ആണ് പോലീസ് അറസ്റ്റ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ പത്തിന് വത്തിക്കാനിലെ ലോക പ്രശസ്തമായ സെന്റ് പീറ്റേഴ്സ് സ്‌ക്വയറിന് സമീപം മൂന്ന് കത്തികളുമായാണ് പോലീസ് 54കാരനായ പ്രതിയെ അറസ്റ്റ് ചെയ്തത്. എല്ലാ ബുധനാഴ്ചയും ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന മാര്‍പാപ്പയുടെ പൊതു സദസ് നടക്കുന്ന സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ പ്രവേശിക്കാനാണ് 54-കാരന്‍ ശ്രമിച്ചത്. ഇയാളുടെ പദ്ധതി എന്താണെന്നോ ആരെയെങ്കിലും ആക്രമിക്കാനാണോ ഒളിവില്‍ കഴിയാനാണോ ഉദ്ദേശിച്ചതെന്നു വ്യക്തമല്ല.
20 സെന്റീമീറ്റര്‍ നീളമുള്ള മൂന്ന് കത്തികളും ബ്ലേഡും പോക്കറ്റില്‍ കരുതിയിരുന്ന ഇയാളെ വിചിത്രമായ പെരുമാറ്റത്തിന്റെ പേരില്‍ പോലീസ് സംശയം പ്രകടിപ്പിക്കുകയും പരിശോധിക്കുകയും ചെയ്യുകയായിരുന്നു.
ന്യൂയോര്‍ക്കില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റിനെ തട്ടിക്കൊണ്ടുപോയതിനും കവര്‍ച്ചയ്ക്കും തേജഡ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും അക്രമകാരിയായി തരംതിരിച്ചിട്ടുണ്ടെന്നും യു.എസ് സ്റ്റേറ്റ് ഗവണ്‍മെന്റ് ഇറ്റാലിയന്‍ പോലീസിനെ അറിയിച്ചു.
റഷ്യയുമായുള്ള ഉക്രെയ്ന്‍ യുദ്ധത്തിന്റെ മുന്‍നിരയില്‍ നിന്നാണ് താന്‍ ഇറ്റലിയില്‍ എത്തിയതെന്ന് അറസ്റ്റിലായപ്പോള്‍ തേജഡ ഇറ്റാലിയന്‍ പോലീസിനോട് പറഞ്ഞു. യുദ്ധത്തില്‍ പങ്കെടുക്കുന്നതിനായി 2022 മുതല്‍ ഉക്രെയ്‌നിലായിരുന്നുവെന്ന് പ്രതി പറഞ്ഞു. 10 ദിവസം മുമ്പ് കീവില്‍ നിന്ന് മോള്‍ഡോവ വഴിയാണ് ഇറ്റലിയില്‍ എത്തിയതെന്നും ഇയാള്‍ അവകാശപ്പെട്ടു. നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതിനും പോലീസുകാരെ ചെറുത്തുനിന്നതിനും കുറ്റം ചുമത്തിയ തേജഡ ഇപ്പോള്‍ റോമിലെ ജയിലിലാണ്