ഇസ്രായേൽ – ഇറാൻ സംഘർഷം തുറന്ന യുദ്ധത്തിലേക്ക് കൈവിട്ടുപോകുമെന്ന ഭീതി ; ഇടപെടലുമായി ലോകരാജ്യങ്ങൾ
ദുബായ് : ഇസ്രായേൽ – ഇറാൻ സൈനിക സംഘർഷം പശ്ചിമേഷ്യയെ അപകടകരമായ സ്ഥിതിയിലേക്ക് കൊണ്ടുപോകുമെന്ന ആശങ്ക ശക്തമായിരിക്കെ, ഇടപെടലുമായി ലോകരാജ്യങ്ങൾ. ഇറാനിലെ ഇസ്ഫഹനിൽ നടന്ന ആക്രമണത്തെ കുറിച്ച് ഇറാനും ഇസ്രായേലും ഔദ്യോഗിക പ്രതികരണത്തിന് ഇനിയും തയാറായിട്ടില്ല. മേഖലയിൽ സംഘർഷം പടരുന്നതിനോട് യോജിപ്പില്ലെന്ന് അമേരിക്കയും യൂറോപ്യൻ യൂനിയനും അറിയിച്ചു. സംഘർഷം കൂടുതൽ വ്യാപ്തിയിലേക്ക് നീങ്ങാതിരിക്കുന്നതിന്റെ ഭാഗമായാണ് ഇസ്ഫഹാൻ ആക്രമണം സംബന്ധിച്ച് ഇറാനും ഇസ്രായേലും പുലർത്തുന്ന മൗനമെന്നാണ് വിലയിരുത്തൽ. തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ കൈവിട്ടു പോകുമെന്ന ഭീതിയും ലോകസമ്മർദ്ദവും കരുതലോടെ നീങ്ങാൻ ഇരുരാജ്യങ്ങളെയും പ്രേരിപ്പിക്കുകയാണ്. ഇറാനിനുള്ളിൽ നിന്നു തന്നെയാണ് ഇസ്ഫഹനിൽ ഡ്രോൺ ആക്രമണം നടന്നതെന്നാണ് ലഭ്യമാകുന്ന വിവരം.