‘കുഞ്ഞുങ്ങളെ വെടിവയ്ക്കരുത്, എന്നെ കൊന്നോളൂ’: കന്യാസ്ത്രീയുടെ അപേക്ഷയില്‍ ഉള്ളു പിടഞ്ഞു പോലീസുകാരും; ഈ ദൃശ്യങ്ങള്‍ ഹൃദയഭേദകം

0

യാങ്കോണ്‍: തൂവെള്ള സഭാവസ്ത്രവും കറുത്ത ശിരോവസ്ത്രവുമണിഞ്ഞ കത്തോലിക്ക സന്യാസിനി സാധുജനങ്ങള്‍ക്കായി നടുറോഡില്‍ മുട്ടുകുത്തി കേണപേക്ഷിച്ചപ്പോള്‍ തോക്കുചൂണ്ടിനിന്ന പോലീസുകാരുടെ ഉള്ളും പിടഞ്ഞു. മ്യാന്മറിൽ സാൻ സൂചി സര്‍ക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചെടുത്തതിനെതിരെ രാജ്യത്ത് വൻ പ്രതിഷേധം തുടരുന്നതിനിടെ പോലീസ് അക്രമം തുടരുന്നതിനിടെയാണ് സഹജീവികളുടെ ജീവനായി കൂപ്പുകരങ്ങളോടെ കന്യാസ്ത്രീ രംഗത്തെത്തിയത്. പോലീസുകാരുടെ മുന്നില്‍ മുട്ടുകുത്തി ‘അവരെ വെടിവയ്ക്കരുത്… എന്നെ കൊന്നോളൂ…’ എന്ന് അപേക്ഷിക്കുന്ന കന്യാസ്ത്രീയുടെ ചിത്രം ലോകമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നതായി. കത്തോലിക്കാ കന്യാസ്ത്രീയായ സിസ്റ്റര്‍ ആന്‍ റോസ് നു തവങ് ആണ് തന്റെ അയല്‍ക്കാരുടെ ജീവന്‍ രക്ഷിക്കാന്‍ വെടിയുണ്ടകളെ ഭയക്കാതെ പോലീസുകാരോടു കരുണ യാചിച്ചത്.

കന്യാസ്ത്രീയുടെ കൂപ്പുകരങ്ങള്‍ പോലീസിന്റെയും കണ്ണുനിറയിച്ചുവെന്നതാണ് ശ്രദ്ധേയമായ വസ്തുത. സിസ്റ്റര്‍ക്ക് മുന്നില്‍ കൂപ്പുകരങ്ങളുമായി നില്‍ക്കുന്ന പോലീസുകാരുടെ ചിത്രവും അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പിയാണ് പുറത്തുവിട്ടത്. പട്ടാളം തേര്‍വാഴ്ച നടത്തുന്ന മ്യാന്‍മറിലെ കച്ചിന്‍ ജില്ലയിലെ മ്യത്ക്യാനയില്‍ തിങ്കളാഴ്ചയായിരുന്നു കരളലിയിക്കുന്ന രംഗങ്ങള്‍. രണ്ടുപേര്‍ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത വെടിവയ്പ് കണ്ടുകൊണ്ടാണ് നാല്‍പ്പത്തഞ്ചുകാരിയായ സിസ്റ്റര്‍ ആന്‍ റോസ് പോലീസിനു മുന്നിലേക്ക് സധൈര്യം ചെന്നത്. “ഞാൻ മുട്ടുകുത്തി നിന്നു. കുട്ടികളെ ഉപദ്രവിക്കരുതെന്നും വെടിവെക്കരുതെന്നും പറഞ്ഞു. പകരം എന്നെ കൊന്നോളാൻ പറഞ്ഞു.” സിസ്റ്റര്‍ വാര്‍ത്താ ഏജൻസിയായ എഎഫ്പിയോടു പിന്നീട് പറഞ്ഞു.

തലയിൽ വെടിയേറ്റ ഒരാള്‍ മരിച്ചു വീഴുന്നതാണ് ആദ്യം കണ്ടത്. തുടര്‍ന്ന് കണ്ണീര്‍ വാതകത്തിൻ്റെ മണമെത്തി. ലോകം തകരുകയാണെന്നാണ് അപ്പോള്‍ തോന്നിയെതെന്നും സിസ്റ്റര്‍ പറയുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പും സിസ്റ്റര്‍ ആന്‍ റോസ് ഇത്തരത്തില്‍ നാട്ടുകാരുടെ രക്ഷയ്‌ക്കെത്തിയിരുന്നു. ഇത് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിന്നു. മ്യാന്‍മറില്‍ ഫെബ്രുവരി ഒന്നിന് സാൻ സൂചി അടക്കമുള്ള നേതാക്കളെ തടവിലാക്കി പട്ടാളം ഭരണം പിടിച്ചതിനുശേഷം ഇതുവരെ അറുപതോളം പേരാണ് പോലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രണ്ടായിരത്തോളം പേര്‍ തടങ്കലിലായിട്ടുണ്ട്. പട്ടാളത്തിന്റെ തേര്‍വാഴ്ചയ്ക്കെതിരെ കത്തോലിക്ക വൈദികരും സന്യാസിനികളും ജനങ്ങള്‍ക്കൊപ്പം അണിനിരന്നിരിന്നു.

You might also like