ഹൂസ്റ്റണില്‍ വീശിയടിച്ച് കൊടുങ്കാറ്റ് ; നാല് മരണം, കനത്ത നാശനഷ്ടം
ഹൂസ്റ്റണ്‍: അമേരിക്കയിലെ നാലാമത്തെ വലിയ നഗരമായ ഹൂസ്റ്റണെ തകര്‍ത്ത് തരിപ്പണമാക്കി കൊടുങ്കാറ്റ്. കഴിഞ്ഞ ദിവസം വീശിയടിച്ച കൊടുങ്കാറ്റില്‍ നാലു പേര്‍ മരിച്ചു. വൈദ്യുതി ബന്ധങ്ങള്‍ തകരാറിലായതുമൂലം എട്ട് ലക്ഷം വീടുകളാണ് ഇരുട്ടിലായത്. ഹൂസ്റ്റണിലെ എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതികൂലമായ കാലാവസ്ഥ കാരണം രണ്ട് പ്രധാന വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ നിര്‍ത്തിവച്ചു. ബുഷ് ഇൻ്റർകോണ്ടിനെൻ്റൽ എയർപോർട്ടിൽ മണിക്കൂറിൽ 60 മൈൽ വേഗതയിൽ കാറ്റ് വീശുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. 100 മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നതെന്നും ഐകെ ചുഴലിക്കാറ്റിന് തുല്യമാണെന്നും കൊടുങ്കാറ്റ് കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കിയെന്നും ഹൂസ്റ്റണ്‍ മേയര്‍ ജോൺ വിറ്റ്‌മയർ വ്യാഴാഴ്ച രാത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഈ പ്രദേശത്തേക്ക് ചുഴലിക്കാറ്റ് ആഞ്ഞടിക്കാമെന്നും വീട്ടില്‍ തന്നെ തുടരാന്‍ ആളുകളോട് അഭ്യര്‍ഥിച്ചുവെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു. ഹൂസ്റ്റണിലുടനീളം റോഡുകൾക്ക് കുറുകെ മരങ്ങളുണ്ട്. എല്ലാവരോടും ക്ഷമയോടെ ഇരിക്കാനും നിങ്ങളുടെ അയൽക്കാരെ നോക്കാനും ഞാൻ ആവശ്യപ്പെടുന്നു.വൈദ്യുതി പുനഃസ്ഥാപിക്കാൻ 24 മണിക്കൂർ എടുക്കും, ചില സ്ഥലങ്ങളില്‍ 48 മണിക്കൂർ വേണ്ടിവരും അദ്ദേഹം പറഞ്ഞു.