സഞ്ജുവിനും രാജസ്ഥാനും വന്‍ തിരിച്ചടി,മഴമൂലം മത്സരം ഉപേക്ഷിച്ചു
ഗുവാഹത്തി: തുടർ തോൽവികൾക്കു പിന്നാലെ അവസാന മത്സരത്തിൽ മഴയും ‘ചതിച്ച’തോടെ, ഐപിഎൽ പോയിന്റ് പട്ടികയിൽ രാജസ്ഥാൻ റോയൽസിന് മൂന്നാം സ്ഥാനം. ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന മത്സരം കനത്ത മഴയെ തുടർന്ന് ഉപേക്ഷിച്ചു. ദീർഘനേരത്തെ കാത്തിരിപ്പിനൊടുവിൽ ഏറെ വൈകി ടോസ് ഇട്ടെങ്കിലും, പിന്നാലെ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിച്ചു. ഇന്ന് പോയിന്റ് പങ്കുവച്ചതിലൂടെ ലഭിച്ച ഒരു പോയിന്റ് ഉൾപ്പെടെ 14 മത്സരങ്ങളിൽനിന്ന് 17 പോയിന്റോടെയാണ് രാജസ്ഥാൻ മൂന്നാം സ്ഥാനത്തായത്.
മഴമൂലം ഏഴ് ഓവറാക്കി ചുരുക്കി മത്സരം നടത്താനായിരുന്നു ശ്രമം. ടോസ് നേടിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നായകൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുക്കുകയും ചെയ്തു. ആദ്യ പന്ത് എറിയാൻ മിനിറ്റുകൾ മാത്രം ശേഷിക്കെ വീണ്ടും മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു.
മത്സരം ഉപേക്ഷിച്ചതോടെ, ഇന്നു നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ പോരാട്ടവീര്യത്തെ മറികടന്ന് വിജയം നേടിയ സൺറൈസേഴ്സ് ഹൈദരാബാദ് രണ്ടാം സ്ഥാനം സ്വന്തമാക്കി. ഹൈദരാബാദിനും 17 പോയിന്റാണെങ്കിലും മികച്ച റൺറേറ്റിന്റെ അടിസ്ഥാനത്തിലാണ് അവർ മുന്നിലെത്തിയത്. സൺറൈസേഴ്സ് ജയിച്ചതോടെ രണ്ടാം സ്ഥാനം നേടാൻ രാജസ്ഥാന് അവസാന മത്സരത്തിൽ വിജയം അനിവാര്യമായിരുന്നു. കനത്ത മഴയിൽ മത്സരം പൂർണമായും മുടങ്ങിയതോടെ രാജസ്ഥാൻ എലിമിനേറ്ററിലേക്ക് തള്ളപ്പെട്ടു.
ഇതോടെ, മേയ് 21നു നടക്കുന്ന ആദ്യ ക്വാളിഫയറിൽ സൺറൈസേഴ്സ് ഹൈദരാബാദ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. രാജസ്ഥാനെതിരായ മത്സരം ഉപേക്ഷിക്കപ്പെട്ടതോടെ, 14 കളികളിൽനിന്ന് 20 പോയിന്റോടെ കൊൽക്കത്ത ഒന്നാം സ്ഥാനത്തെത്തി. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കൊൽക്കത്ത – സൺറൈസേഴ്സ് മത്സരം.