
മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍
ഹൂസ്റ്റണ്‍:2024 ജൂലൈ 4 മുതല്‍ 7 വരെ ഹൂസ്റ്റണ്‍ ജോര്‍ജ് ബ്രൗണ്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കുന്ന വടക്കേ അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് വിശ്വാസ സമൂഹത്തിന്റെ(പിസിഎന്‍എകെ) ദേശീയ കോണ്‍ഫറന്‍സിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയിരിക്കുന്നു.
സമ്മേളനത്തിന്റെ വിജയത്തിനായി വിവിധ സംസ്ഥാനങ്ങളില്‍ പ്രമോഷണല്‍ മീറ്റിംഗുകളും പ്രാര്‍ത്ഥനാ സമ്മേളനങ്ങളും നടന്നു കൊണ്ടിരിക്കുന്നു.18ന് ശനിയാഴ്ച 4. 30ന് ചിക്കാഗോ പ്രമോഷണല്‍ യോഗം ഗില്‍ഗാല്‍ പെന്തക്കോസ്തല്‍ അസംബ്ലി സഭാഹാളില്‍ നടക്കും.
വിവിധ നഗരങ്ങളിലെ പ്രധാന സഭകളില്‍ ഓണ്‍ സൈറ്റ് രജിസ്‌ട്രേഷനുകളും നടന്നുവരുന്നു. മെയ് 19ന് കാല്‍വറി പെന്തക്കോസ്ത് ചര്‍ച്ചിലും, മെയ് 26ന് മെട്രോ ചര്‍ച്ച് ഓഫ് ഗോഡിലും, ഡാളസിലെ രജിസ്‌ട്രേഷന്‍ ക്യാമ്പ് ഉണ്ടായിരിക്കും.
കോണ്‍ഫറന്‍സിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സോങ് ബുക്കിലേക്ക് പരസ്യങ്ങള്‍ നല്‍കേണ്ടവര്‍ എത്രയും വേഗം ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് നാഷണല്‍ സെക്രട്ടറി രാജു പൊന്നോലില്‍ അറിയിച്ചു.
സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കുകള്‍ ആയ ഫോസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ലഭ്യമാണ്.എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റണ്‍ പട്ടണത്തില്‍ എത്തിക്കുവാനുള്ള ക്രമീകരണങ്ങള്‍ ദേശീയ പ്രതിനിധികളുടെ നേതൃത്വത്തില്‍ ചെയ്തു വരുന്നു. മിക്ക സിറ്റികളില്‍ നിന്നുമുള്ള ബസ്-ട്രെയിന്‍ ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സമ്മേളന നഗറിലേക്ക് ആയിരങ്ങള്‍ എത്തിച്ചേരുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു.
ഹൂസ്റ്റണ്‍ ഐഎഎച്ച്, ഹൂസ്റ്റണ്‍ ഹോബി എയര്‍പോര്‍ട്ടില്‍ വന്നിറങ്ങുന്നവര്‍ക്ക് സുരക്ഷിതമായി കോണ്‍ഫറന്‍സ് സെന്ററില്‍ എത്തിച്ചേരുവാന്‍ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.കാര്‍ മാര്‍ഗ്ഗമായി എത്തിച്ചേരുന്നവര്‍ക്കും കണ്‍വന്‍ഷന്‍ സെന്ററില്‍ സൗജന്യ പാര്‍ക്കിംഗ് ഭാരവാഹികള്‍ ക്രമീകരിച്ചിട്ടുണ്ട്. വ്യത്യസ്തമായ പ്രോഗ്രാമുകള്‍ മികച്ച നിലയിലുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങിയവ കുറ്റമറ്റ രീതിയില്‍ ക്രമീകരിക്കുന്നതിനായി നാഷണല്‍-ലോക്കല്‍ കമ്മറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.
ദൈവജനത്തിന്റെ കൂട്ടായ്മയായപി സി എന്‍ എ കെ കേരളത്തിന് പുറത്ത് വിദേശ രാജ്യങ്ങളില്‍ നടത്തപ്പെടുന്ന ഏറ്റവും വലിയ മലയാളി പെന്തക്കോസ്ത് സംഗമമാണ്.
ലോക പ്രശസ്ത ആത്മീയ സുവിശേഷ പ്രഭാഷകരും സംഗീതജ്ഞന്‍മാരും വിവിധ ദിവസങ്ങളിലായി നടക്കുന്ന കോണ്‍ഫറന്‍സില്‍ മുഖ്യ പ്രഭാഷകരായി എത്തിച്ചേരും. സമ്മേളനം അനുഗ്രഹമായി തീരുവാനും വിശ്വാസികള്‍ പ്രാര്‍ത്ഥനയോടെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുവാനും നാഷണല്‍ ഭാരവാഹികളായ പാസ്റ്റര്‍ ഫിന്നി ആലുംമൂട്ടില്‍,രാജു പൊന്നോലില്‍,ബിജു തോമസ്,റോബിന്‍ രാജു, ആന്‍സി സന്തോഷ് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.