റഫയിൽ ആക്രമണം വിപുലീകരിക്കും, ലക്ഷ്യം നേടും വരെ യുദ്ധം തുടരും ; നെതന്യാഹു
തെല്‍ അവിവ്: ഗസ്സയിലെ റഫയിൽ ആക്രമണം വിപുലീകരിക്കുമെന്നും ലക്ഷ്യം നേടും വരെ യുദ്ധം തുടരുമെന്നും ആവർത്തിച്ച് ഇസ്രായേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹു. തെൽ അവീവിൽ അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവനു മുമ്പാകെയാണ് നെതന്യാഹുവിന്‍റെ പ്രഖ്യാപനം. ആക്രമണം തടഞ്ഞില്ലെങ്കിൽ ആയിരങ്ങൾ കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി യു.എൻ സെക്രട്ടറി ജനറൽ രംഗത്തെത്തി. റഫയിലും വടക്കൻ ഗസ്സയിലെ പ്രദേശങ്ങളിലും ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. പിന്നിട്ട 24 മണിക്കൂറിനിടെ, 106 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,562 ആയി. തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ അകപ്പെട്ടവരെ പുറത്തെടുക്കാൻ പോലും കഴിയാത്ത വിധം വ്യാപക ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്.
റഫയിൽ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 9 ലക്ഷം കവിഞ്ഞതായി യു.എൻ ഏജൻസികൾ അറിയിച്ചു. റഫയിലേക്ക് കൂടുതൽ സൈനികരെ നിയോഗിച്ച് ആക്രമണം വിപുലീകരിക്കാനാണ് ഇസ്രായേൽ നീക്കം. ഇക്കാര്യം യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ ജെയ്ക് സള്ളിവനെ നെതന്യാഹു ധരിപ്പിച്ചു. എന്നാൽ റഫയിൽ വ്യാപക ആക്രമണം നടത്തരുതെന്നും ഹമാസിനെ അമർച്ച ചെയ്യാൻ രാഷ്ട്രീയ നടപടികൾ കൂടി വേണമെന്നും ജെയ്ക് സള്ളിവൻ നെതന്യാഹുവിനെ അറിയിച്ചതായി വൈറ്റ് ഹൗസ് പ്രതികരിച്ചു.