തിരിച്ചടി ; ഇസ്രയേലിലേക്ക് റോക്കറ്റയച്ച് ഹമാസ്
ജറുസലേം: ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്ക് ഞായറാഴ്ച റോക്കറ്റയച്ച് ഹമാസ്. ടെൽ അവീവിനു 100 കിലോമീറ്റർ ദൂരെയുള്ള റാഫയിൽനിന്നാണ് എട്ടുറോക്കറ്റുകൾ എത്തിയതെന്ന് ഇസ്രയേൽസൈന്യം പറഞ്ഞു. അന്താരാഷ്ട്ര നീതിന്യായകോടതിയുടെ ഉത്തരവനുസരിക്കാതെ റാഫയിൽ ഇസ്രയേൽ രൂക്ഷ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് ഹമാസിന്റെ തിരിച്ചടി. എട്ടുറോക്കറ്റുകളും വെടിവെച്ചിട്ടെന്നും ആർക്കും പരിക്കില്ലെന്നും ഇസ്രയേൽ അറിയിച്ചു. പലസ്തീൻകാരെ കൂട്ടക്കൊലചെയ്യുന്നതിനുള്ള മറുപടിയായാണ് റോക്കറ്റാക്രമണമെന്ന് ഹമാസിന്റെ സായുധവിഭാഗമായ അൽ ഖാസം ബ്രിഗേഡ്സ് പറഞ്ഞു. ഇതിനിടെ ആക്രമണത്തിന് തിരിച്ചടിയായി ഇസ്രയേൽ റഫാ നഗരത്തിൽ നടത്തിയ വ്യോമാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടതായി റെഡ്ക്രസന്റ് വക്താവ് പറഞ്ഞു. മരണസംഖ്യ കൂടിയേക്കും.