ഗാസയിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കാനായി സജ്ജമാക്കിയ താൽക്കാലിക പാത കടൽക്ഷോഭത്തിൽ തകർന്നു

0

അമേരിക്ക നിർമ്മിച്ച താൽക്കാലിക പാത കടൽക്ഷോഭത്തിൽ തകർന്നു. താൽക്കാലിക പാത അറ്റകുറ്റ പണി പൂർത്തിയാക്കാൻ ഒരാഴ്ച വേണ്ടി വരുമെന്നാണ് യുഎസ് അധികൃതർ അന്തർദേശീയ മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഗാസയുടെ തീരത്തോട് ചേർന്ന് ഏതാനും ആഴ്ചകൾക്ക് മുൻപാണ് അമേരിക്ക ഭക്ഷണവും ഇന്ധനവും അടക്കമുള്ള അവശ്യസാധനങ്ങൾ എത്തിക്കുന്നതിനായി താൽക്കാലിക പ്ലാറ്റ്ഫോം സജ്ജമാക്കിയത്.

വേലിയേറ്റത്തിൽ താൽക്കാലിക പ്ലാറ്റ്ഫോമിന്റെ ഒരു ഭാഗം തകർന്നതായാണ് യുഎസ് അധികൃതർ വിശദമാക്കുന്നത്. യുഎന്നും മനുഷ്യാവകാശ സംഘടനകൾ അടക്കമുള്ളവർ നിരന്തരമായി ഗാസയിലേക്ക് ആവശ്യമായ സഹായം എത്തുന്നില്ലെന്ന് പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് താൽക്കാലിക പ്ലാറ്റ്ഫോം അമേരിക്കൻ സൈന്യം ഗാസ തീരത്ത് സജ്ജമാക്കിയത്. മാർച്ച് മാസത്തിലാണ് താൽക്കാലിക പ്ലാറ്റ്ഫോം നിർമ്മിക്കുമെന്ന് അമേരിക്ക വിശദമാക്കിയത്. രണ്ട് പ്രധാന ഭാഗങ്ങളെ കൂട്ടിയിണക്കിയാണ് 548 മീറ്റർ നീളത്തിലധികമുള്ള പ്ലാറ്റ്ഫോം തയ്യാറാക്കിയത്. പരസ്പരം ബന്ധിച്ചുള്ള സ്റ്റീൽ ഭാഗങ്ങളാണ് പ്ലാറ്റ്ഫോമിനെ ശക്തമാക്കുന്നത്. തീരവുമായി ബന്ധിപ്പിക്കുന്ന ഭാഗത്താണ് നിലവിൽ തകരാറ് സംഭവിച്ചിട്ടുള്ളത്.

താൽക്കാലിക പ്ലാറ്റ്ഫോമിന് തകരാറ് സംഭവിച്ചതായി ചൊവ്വാഴ്ചയാണ് പെന്റഗൺ വിശദമാക്കിയത്. തകർന്ന ഭാഗങ്ങൾ ഇസ്രയേൽ തുറമുഖമായ അഷോദിലെത്തിച്ച് തകരാർ പരിഹരിച്ചാൽ മാത്രമാണ് പ്ലാറ്റ്ഫോം പുനർ സജ്ജമാകൂവെന്നാണ് പെൻറഗൺ വിശദമാക്കുന്നത്. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇസ്രയേലി സേനയുടെ സഹായത്തോടെ തകർന്ന ഭാഗങ്ങൾ നീക്കുമെന്ന് പെൻറഗൺ വക്താവ് സബ്രിന സിംഗ് വിശദമാക്കിയിട്ടുണ്ട്. ഒരാഴ്ചയോളം സമയം അറ്റകുറ്റ പണിക്കായി വേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്. ഭക്ഷണവും ഇന്ധനവും അടക്കം  ഓരോ ദിവസവും 150 ട്രെക്കുകൾ വീതം ഗാസയിലേക്ക് എത്തിക്കാനായി ലക്ഷ്യമിട്ടാണ് താൽക്കാലിക പ്ലാറ്റ്ഫോം സജ്ജമാക്കിയത്.

You might also like