റഷ്യയില്‍നിന്ന് മാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാന്‍ റിലയന്‍സ് കരാര്‍ ഒപ്പിട്ടു.

0

ന്യൂദല്‍ഹി: റഷ്യയില്‍നിന്ന് മാസം 30 ലക്ഷം ബാരല്‍ എണ്ണ വാങ്ങാന്‍ റിലയന്‍സ് കരാര്‍ ഒപ്പിട്ടു. റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാര്‍. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്ന് അന്താരാഷ്‌ട്ര ഇടപാടുകള്‍ നടത്താനുള്ള സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ നിലവില്‍ റഷ്യക്ക് സാധിക്കില്ല. മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇടപാടുകള്‍ റൂബിള്‍ മുഖേനയാക്കിയത്.

എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണവിതരണം വെട്ടിക്കുറയ്‌ക്കുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്‌ക്ക് റോസ്നെഫ്റ്റില്‍നിന്ന് ദീര്‍ഘകാല കരാറിലൂടെ എണ്ണ വാങ്ങുന്നത് റിലയന്‍സിന് ഗുണമാവും. ജൂണ്‍ രണ്ടിന് ചേരുന്ന ഒപെക് രാജ്യങ്ങളുടേയും സഖ്യരാജ്യങ്ങളുടേയും യോഗത്തിന് ശേഷമാകും എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക.

ഉക്രൈന്‍ യുദ്ധത്തെത്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തിയിരുന്നു. ഇതോടെ റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന വലിയ മൂന്നാമത്തെ രാജ്യമായി ഇന്ത്യ മാറി.

You might also like