മേജര്‍ രാധികാ സെന്നിന് ഉന്നത യുഎന്‍ പുരസ്‌കാരം; അഭിനന്ദനവുമായി സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്

0

ന്യൂദല്‍ഹി: ഐക്യരാഷ്‌ട്രസഭയുടെ സമാധാനസേനയുടെ ഭാഗമായ ഭാരത വനിതാ അംഗത്തിന് മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം. യുഎന്‍ ദൗത്യത്തിന്റെ ഭാഗമായി കോംഗോയില്‍ സേവനമനുഷ്ടിച്ച മേജര്‍ രാധികാ സെന്‍ ആണ് പുരസ്‌കാരത്തിന് അര്‍ഹയായത്. യുഎന്‍ സമാധാന സേനാംഗങ്ങള്‍ക്കായുള്ള അന്താരാഷ്‌ട്രദിനമായ ഈ മാസം മുപ്പതിന് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് രാധികയ്‌ക്ക് പുരസ്‌കാരം സമ്മാനിക്കും.

മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം നേടിയ മേജര്‍ രാധികാ സെന്നിനെ അന്റോണിയോ ഗുട്ടറസ് അഭിനന്ദിച്ചു. രാധികാ സെന്‍ എല്ലാവര്‍ക്കും മാതൃകയാണെന്നും അവരുടെ സേവനം യുഎന്നിന് വിലമതിക്കാനാകാത്തതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പുരസ്‌കാരം തനിക്ക് പ്രത്യേക മൂല്യമുള്ളതാണെന്ന് മേജര്‍ രാധികാ സെന്‍ പറഞ്ഞു. കോംഗോയിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തില്‍ കഠിനമായി ജോലിചെയ്യുന്ന എല്ലാ സമാധാനസേനാംഗങ്ങള്‍ക്കുമുള്ള അംഗീകാരമാണ് പുരസ്‌കാരമെന്നും മേജര്‍ രാധിക കൂട്ടിച്ചേര്‍ത്തു.

2023 മാര്‍ച്ച് മുതല്‍ 2024 ഏപ്രില്‍ വരെയാണ് മേജര്‍ രാധികാ സെന്‍ സമാധാനദൗത്യത്തിന്റെ ഭാഗമായി കോംഗോ റിപ്പബ്ലിക്കില്‍ സേവനമനുഷ്ടിച്ചത്. ദൗത്യത്തിലെ ഇന്ത്യന്‍ റാപ്പിഡ് ഡിപ്ലോയ്മെന്റ് ബറ്റാലിയന്റെ കമാന്‍ഡറായിരുന്നു രാധിക. മേജര്‍ സുമന്‍ ഗവാനിയ്‌ക്കുശേഷം മിലിറ്ററി ജെന്‍ഡര്‍ അഡ്വക്കേറ്റ് പുരസ്‌കാരം ലഭിക്കുന്ന ഭാരതീയ വനിതയാണ് മേജര്‍ രാധിക. ദക്ഷിണ സുഡാനിലെ സമാധാനദൗത്യത്തിന്റെ ഭാഗമായിരുന്ന സുമന്‍ ഗവാനിക്ക് 2019ലാണ് പുരസ്‌കാരം ലഭിച്ചത്.

 

You might also like