ഗാസയിലെ തുറമുഖ പാലം തകര്‍ന്നതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച സഹായവിതരണം അമേരിക്ക പുനരാരംഭിച്ചു
വാഷിംഗ്ടണ്‍: പ്രകൃതിക്ഷോഭത്തില്‍ പെട്ട് പാലം തകരുകയും കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ഗാസയില്‍ നിറുത്തിവെച്ച മാനുഷിക സഹായം അമേരിക്ക പുനരാരംഭിച്ചു. തകര്‍ന്ന തുറമുഖത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗാസയിലേക്ക് താല്‍ക്കാലിക തുറമുഖത്ത് നിന്ന് സഹായ വിതരണം പുനരാരംഭിച്ചതായി രാജ്യത്തിന്റെ സൈന്യം അറിയിച്ചു.
”ഇന്ന് രാവിലെ ഏകദേശം 10:30ന് (ഗാസ സമയം) യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഗാസയില്‍ മാനുഷിക സഹായം എത്തിക്കാന്‍ തുടങ്ങി. ഇന്ന്, ഏകദേശം 492 മെട്രിക് ടണ്‍ (1.1 ദശലക്ഷം പൗണ്ട്) മാനുഷിക സഹായം എത്തിച്ചു,” സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് കുറിച്ചു.
പലസ്തീന്‍ വിമത സംഘടനയായ ഹമാസിനെതിരെ ഇസ്രായേല്‍ നടത്തുന്ന യുദ്ധം ഗാസയെ പരിപൂര്‍ണമായി തകര്‍ത്തിരിക്കുകയാണ്. യുദ്ധം നിലവില്‍ ഒമ്പതാം മാസത്തിലേക്ക് കടക്കുന്നു. തീരപ്രദേശത്തെ ജനങ്ങള്‍ വീടുകള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. അവര്‍ക്ക് മാനുഷിക സഹായം ആവശ്യമാണ്.
കഴിഞ്ഞ മാസം രണ്ട് മില്യണ്‍ പൗണ്ടിലധികം മാനുഷിക സഹായങ്ങള്‍ തുറമുഖം വഴി വിതരണം ചെയ്തു, എന്നാല്‍ ഡെലിവറി ആരംഭിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ചുഴലിക്കാറ്റിലും കടലാക്രമണത്തിലും തുറമുഖത്തിനും പാലത്തിനും കേടുപാടുകള്‍ സംഭവിച്ചിരുന്നു.