മകന് ശിക്ഷ ഇളവ് നൽകില്ലെന്ന് ബൈഡൻ

0

ഫാസാനോ : തെറ്റായ വിവരങ്ങൾ നൽകി തോക്ക് കൈവശംവച്ച കേസിൽ  മകൻ ഹണ്ടർ ബൈഡൻ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയ സംഭവത്തിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഹണ്ടറിന് ലഭിക്കുന്ന അന്തിമ ശിക്ഷ കുറയ്ക്കാൻ പ്രസിഡന്‍റിന്‍റെ അധികാരം ഉപയോഗിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജി–7  ഉച്ചകോടിയിൽ നടന്ന വാർത്താസമ്മേളനത്തിൽ മകന്‍റെ ശിക്ഷ ഇളവ് ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബൈഡൻ.

ഹണ്ടർ ബൈഡന്‍റെ ശിക്ഷാ തീയതി നിശ്ചയിച്ചിട്ടില്ല. 25 വർഷം വരെ തടവ് ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളിലാണ് ഹണ്ടർ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയത്. തോക്ക് ലഭിക്കാനായി ലഹരിമരുന്ന് ഉപയോഗിക്കില്ലെന്ന തെറ്റായ പ്രസ്താവന നൽകി, ഇതുമായി ബന്ധപ്പെട്ട വ്യാജരേഖ ഹാജരാക്കി, അനധികൃതമായി തോക്ക് കൈവശം വച്ചു തുടങ്ങിയവാണ് ഹണ്ടർ കുറ്റക്കാരണെന്ന് കോടതി കണ്ടെത്തിയ കുറ്റങ്ങൾ.  “എന്‍റെ മകൻ ഹണ്ടറിനെക്കുറിച്ച് ഞാൻ അങ്ങേയറ്റം അഭിമാനിക്കുന്നു.  എനിക്കറിയാവുന്ന ഏറ്റവും നല്ല മനുഷ്യരിൽ ഒരാളാണ് അദ്ദേഹം” ‌– ബൈഡൻ കൂട്ടിച്ചേർത്തു.

You might also like