കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വന്‍ സ്വീകരണം
പ്യോഗ്യാങ്: കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി ഉത്തര കൊറിയയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന് വന്‍ സ്വീകരണം. 24 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പുടിന്‍ ഉത്തരകൊറിയ സന്ദര്‍ശിക്കുന്നത്. രണ്ടു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം സംബന്ധിച്ച് ഇരുവരും ചര്‍ച്ച നടത്തും.
അതേസമയം, ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന യുദ്ധത്തിന് ഉത്തരകൊറിയ സൈനിക പിന്തുണ നല്‍കുന്ന പശ്ചാത്തലത്തില്‍ പുടിന്റെ സന്ദര്‍ശനത്തെ ആശങ്കയോടെയാണ് പാശ്ചാത്യ രാജ്യങ്ങള്‍ നോക്കിക്കാണുന്നത്. അവസാന നിമിഷംവരെ രഹസ്യാത്മകത നിറഞ്ഞതായിരുന്നു പുടിന്റെ യാത്ര. ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങില്‍ പുടിന്‍ എപ്പോള്‍ വിമാനമിറങ്ങും എന്നതിനെക്കുറിച്ച് യാതൊരു വിവരവും മാധ്യമപ്രവര്‍ത്തകര്‍ക്കില്ലായിരുന്നു.
റഷ്യന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രി ബെലോസോവിനും വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിനും ഉപപ്രധാനമന്ത്രി അലക്‌സാണ്ടര്‍ നൊവാക്കിനുമൊപ്പമാണ് പുടിന്‍ ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാങ്ങില്‍ എത്തിയത്.
ഉത്തരകൊറിയ പുടിന് വന്‍ സ്വീകരണമാണ് ഒരുക്കിയത്. തെരുവുകളില്‍ പുടിന്റെ ചിത്രങ്ങളും റഷ്യന്‍ പതാകകളും സ്ഥാപിച്ചിരുന്നു. ചുവന്ന പുഷ്പങ്ങള്‍ കൊണ്ട് അലങ്കരിച്ച പരവതാനിയാണ് പുടിനെ സ്വാഗതം ചെയ്ത് വിമാനത്താവളത്തില്‍ സജ്ജമാക്കിയത്. ഉത്തരകൊറിയയിലെ കെസിടിവി ചാനലില്‍ റഷ്യന്‍ മിലിട്ടറി സംഗീതപരിപാടികള്‍ സംപ്രേക്ഷണം ചെയ്തു.