മസ്കറ്റിൽ മരിച്ച നമ്പി രാജേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

0

തിരുവനന്തപുരം ∙ മസ്‌കത്തില്‍ മേയ് 13ന് അന്തരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തിനു നഷ്ടപരിഹാരം നല്‍കാന്‍ കഴിയില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഇ–മെയിൽ വഴിയാണു കമ്പനിയുടെ മറുപടി കുടുംബത്തിനു ലഭിച്ചത്. നമ്പി രാജേഷിന്റെ മരണത്തിന് ഉത്തരവാദി എയര്‍ ഇന്ത്യ എക്‌സ്പ്രസ് അല്ലെന്നും മറുപടിയില്‍ വ്യക്തമാ‌ക്കി.

വിമാനക്കമ്പനി ജീവനക്കാരുടെ സമരം കാരണം യാത്ര മുടങ്ങിയെങ്കിലും അടുത്ത ദിവസത്തെ ഫ്ലൈറ്റിലേക്ക് ടിക്കറ്റ് നൽകിയിരുന്നുവെന്നാണ് കമ്പനി അധികൃതരുടെ വാദം. എന്നാൽ, സമരം നീണ്ടുപോയതിനാൽ ആ യാത്രയും നടന്നില്ല.

സർവീസ് റദ്ദായതായി മുൻകൂട്ടി അറിയിച്ചിട്ടുമില്ല. തൊട്ടടുത്ത ദിവസംതന്നെ ടിക്കറ്റിനു മുടക്കിയ പണം തിരികെനൽകാനുള്ള നടപടികൾ ആരംഭിച്ചതായാണ് സന്ദേശത്തിൽ വിശദീകരിക്കുന്നത്. ട്രാവൽ ഏജൻസി വഴിയെടുത്ത ടിക്കറ്റായതിനാൽ പണം വീട്ടുകാർക്കു ലഭിക്കാൻ വൈകിയെന്നും അധികൃതർ പറയുന്നു.

ചികിത്സയിൽക്കഴിഞ്ഞ നമ്പി രാജേഷിനെ കാണാൻ മസ്കറ്റിലേക്കു യാത്രതിരിച്ച ഭാര്യ അമൃത സി.രവിയും അമ്മ ചിത്രയും എയർഇന്ത്യ സമരം കാരണം യാത്രമുടങ്ങി വിമാനത്താവളത്തിൽ കുടുങ്ങിയിരുന്നു. ഇവരെ കാണാതെയാണ് നമ്പി രാജേഷ് ലോകത്തോടു വിടപറഞ്ഞത്.

ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഭർത്താവിനെ കാണാൻകഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തിൽ ബന്ധുക്കൾ നിസ്സഹായരായിരുന്നു. ഭർത്താവിന് അരികിലേക്ക് പോകണമെന്ന് തൊണ്ടയിടറി പറയുന്ന അമൃതയുടെ ദൃശ്യങ്ങൾ അന്ന് മാധ്യമങ്ങളടക്കം റിപ്പോർട്ടു ചെയ്തിരുന്നു.

വിമാനക്കമ്പനിയുടെ ഭാഗത്തുനിന്നു നീതി ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. അധികൃതരുടെ വാദങ്ങളെല്ലാം തള്ളുകയാണ് അമൃതയും വീട്ടുകാരും.താമസിക്കുന്ന വീടിനു വാടക നൽകിയിട്ടില്ല. ഉടമ സാവകാശം നൽകിയിട്ടുണ്ട്. മകൾ ഒന്നാം ക്ലാസുകാരി അനികയുടെയും യു.കെ.ജി. വിദ്യാർഥി നമ്പി ശൈലേഷിെന്റയും സ്‌കൂൾ ഫീസ് അടച്ചിട്ടില്ല. സ്വകാര്യ നഴ്‌സിങ് കോളേജ് വിദ്യാർഥിനിയായ അമൃത വീണ്ടും ക്ലാസിൽ പോയിത്തുടങ്ങി.

അമൃതയുടെ സഹോദരി മെഡിക്കൽ വിദ്യാർഥിനിയായ ഐശ്വര്യയുടെ പഠനച്ചെലവിനും നമ്പി രാജേഷിന്റെ സഹായമുണ്ടായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു. അഭിഭാഷകനുമായി ആലോചിച്ച് കേസുമായി മുന്നോട്ടുപോകുമെന്ന് അമൃതയുടെ അമ്മ ചിത്ര പറഞ്ഞു. ഗവർണർ, മുഖ്യമന്ത്രി, മന്ത്രി വി.ശിവൻകുട്ടി, പ്രതിപക്ഷ നേതാവ് എന്നിവരെയെല്ലാം നേരിട്ടുകണ്ട് നിവേദനം നൽകിയിരുന്നു. ബി.ജെ.പി. നേതാക്കളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കാണാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ചിത്ര പറഞ്ഞു.

You might also like