ബഹിരാകാശ പേടകത്തിന് സാങ്കേതിക തകരാർ : സുനിത വില്യംസിന്റെ ഭൂമിയിലേക്കുള്ള മടക്കം നീളുന്നു
ന്യൂയോർക്ക്: ബഹിരാകാശ പേടകമായ ബോയിംഗ് സ്റ്റാർലൈനറിന് സാങ്കേതിക തകരാറുണ്ടായതിനെ തുടർന്ന് ഇന്ത്യൻ വംശജയായ സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവർ ബഹിരാകാശത്ത് കുടുങ്ങി. ബഹിരാകാശയാത്രികരായ ഇരുവരും ഭൂമിയിലേക്ക് മടങ്ങിവരുന്നത് നീളുമെന്ന് യു.എസ് ബഹിരാകാശ ഏജൻസിയായ നാസ അറിയിച്ചു. ജൂലൈ 2 ന് ശേഷമേ പേടകത്തിന്റെ തിരിച്ചുവരവ് സാധ്യമാകൂവെന്നാണ് നാസ പറയുന്നത്. സാങ്കേതിക പ്രശ്നങ്ങൾ അവലോകനം ചെയ്തു വരികയാണെന്നും നാസ വ്യക്തമാക്കി. ജൂൺ 5 നാണ് ഇരുവരും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. ഒരാഴ്ചത്തെ ബഹിരാകാശ വാസത്തിന് ശേഷം 14ന് തിരിച്ചെത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് അത് 22 ലേക്കും തുടർന്ന് 26 ലേക്കും മാറ്റി. എന്നാൽ തകരാർ പൂർണമായും ഇനിയും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. ജൂലൈ 2 ന് ശേഷമെ തിരികെയെത്തുള്ളുവെന്നാണ് അവസാനമായി നാസ അറിയിച്ചിരിക്കുന്നത്.