ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ. അനധികൃത സ്വർണഖനിയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. അപകടത്തിൽ12 പേർ മരിക്കുകയും, 19 പേരെ കാണാതാവുകയും ചെയ്തു. അപകടമുണ്ടായത് സുലവേസി ദ്വീപിലെ ഗൊറോണ്ടലോ പ്രവിശ്യയിലുള്ള ബോൺ ബൊലാംഗോയിലായിരുന്നു. പരമ്പരാഗത സ്വർണഖനിയിൽ പണിയെടുക്കുകയായിരുന്നു 35ഓളം ഗ്രാമവാസികൾ. തുടർന്ന് സമീപത്തെ കുന്നുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. പരിക്കുകളോടെ അഞ്ചുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞു. 11 മൃതദേഹങ്ങൾ ഖനിക്കുള്ളിൽ നിന്ന് തിങ്കളാഴ്ച പുറത്തെടുക്കുകയുണ്ടായി. കാണാതായവർക്കുള്ള രക്ഷാപ്രവർത്തനം തുടരുന്നു.