ഫ്രഞ്ച് ഭീമന്‍ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍.
മുംബൈ: ഫ്രഞ്ച് ഭീമന്‍ ഡെക്കാത്‌ലോണിനെ വെല്ലുവിളിക്കാന്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് റീട്ടെയില്‍. ഡെക്കാത്ലോണ്‍ മാതൃകയില്‍ സ്പോര്‍ട്‌സ് ഉല്‍പ്പന്നങ്ങളുടെ റീട്ടെയില്‍ ശൃംഖല രാജ്യത്തുടനീളമുള്ള നഗരങ്ങളില്‍ സ്ഥാപിക്കാനാണ് റിലയന്‍സ് പദ്ധതിയിടുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ബ്രാന്‍ഡിനായി മുന്‍നിര നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളില്‍ 8,000 മുതല്‍ 10,000 ചതുരശ്ര അടി സ്ഥലങ്ങള്‍ പാട്ടത്തിന് എടുക്കാന്‍ കമ്പനി പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെക്കാത്‌ലോണ്‍ വിജയിപ്പിച്ച അതേ മാതൃക നടപ്പാക്കാനാണ് പദ്ധതി. 2009 ല്‍ ആണ് ഡെക്കാത്‌ലോണ്‍ ഇന്ത്യന്‍ വിപണിയിലേക്ക് പ്രവേശിച്ചത്. 2020 ന് ശേഷം കമ്പനിയുടെ വരുമാനം കുതിക്കുന്ന സാഹചര്യമാണുണ്ടായത്. 2021 ല്‍ 2079 കോടിയും 2022ല്‍ 2936 കോടി രൂപയുമായിരുന്നു വരുമാനം. എന്നാല്‍ അത് 2023 ആകുമ്പോഴേക്കും 3955 കോടിയിലേക്ക് എത്തിയിരുന്നു.