ബുൾഡോസർ രാജ് രണ്ടു വർഷത്തിനിടയില്‍ ഇടിച്ചുനിരത്തിയത് ഒന്നര ലക്ഷത്തിലേറെ വീടുകൾ
ന്യൂഡൽഹി: രണ്ടു വർഷത്തിനിടെ ഒന്നര ലക്ഷത്തിലേറെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബുൾഡോസർ ഉപയോഗിച്ച് തകർത്തതായി കണക്കുകൾ. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലില്‍ 7.38 ലക്ഷം പേർ ഭവനരഹിതരായി. തകർക്കപ്പെട്ട വീടുകൾ മിക്കതും മുസ്‌ലിംകളുടേതോ ദളിത് വിഭാഗത്തിന്റേതോ ആണെന്ന് ഫ്രണ്ട്‌ലൈൻ മാഗസിൻ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു . 2022-23 വർഷത്തെ ഹൗസിങ് ആന്റ് ലാൻഡ് റൈറ്റ്‌സ് നെറ്റ്‌വർക്കിന്റെ (എച്ച്എൽആർഎൻ) കണക്കുകള്‍ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഇതുപ്രകാരം പ്രാദേശിക, സംസ്ഥാന, കേന്ദ്ര ഭരണകൂടങ്ങൾ 1,53,820 വീടുകളാണ് ബുൾഡോസർ ഉപയോഗിച്ച് തകർത്തത്. ഗ്രാമ-നഗര മേഖലയിൽ 7,38,438 പേർക്ക് കിടപ്പാടം നഷ്ടമായി. 2017 മുതൽ 2023 വരെ അഞ്ചു വർഷം 10.68 ലക്ഷം പേരെ ഇത്തരത്തിലുള്ള കുടിയൊഴിപ്പിക്കൽ ബാധിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ഒഴിപ്പിക്കൽ വർഷംപ്രതി കൂടി വരുന്ന പ്രവണതയുമുണ്ട്. 2019ൽ 1,07,625 നിർബന്ധിത കുടിയൊഴിപ്പിക്കലാണ് നടന്നത്. 2022ൽ ഇത് 2,22,686 ആയി. 2023ൽ 5,15,752.