ഇറ്റലിയില്‍ വെറോണ പ്രവിശ്യയിലെ ഇന്ത്യക്കാരായ 33 കര്‍ഷകത്തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു
റോം: ഇറ്റലിയില്‍ വെറോണ പ്രവിശ്യയിലെ ഇന്ത്യക്കാരായ 33 കര്‍ഷകത്തൊഴിലാളികളെ അടിമകളാക്കി ജോലി ചെയ്യിച്ച രണ്ട് ഇന്ത്യന്‍ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാര്‍ഷിക കമ്പനികളുടെ ഉടമസ്ഥരായ പ്രതികള്‍ രേഖകളില്ലാതെ ജീവനക്കാരെ നിയമിച്ച് നികുതി വെട്ടിപ്പ് നടത്തിയതായി ഇറ്റാലിയന്‍ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 475,000 യൂറോ വിലമതിക്കുന്ന സ്വത്തുക്കളും ഇവരില്‍ നിന്ന് പിടിച്ചെടുത്തു. തൊഴിലാളികളെ ചൂഷണം ചെയ്തതിന് ഇരുവര്‍ക്കുമെതിരെ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
ഇന്ത്യന്‍ വംശജരടങ്ങിയ മാഫിയയാണ് സീസണല്‍ വര്‍ക്ക് പെര്‍മിറ്റില്‍ തൊഴിലാളികളെ ഇറ്റലിയിലേക്ക് കൊണ്ടുവന്നത്. മെച്ചപ്പെട്ട തൊഴില്‍ സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇവരില്‍ നിന്ന് 17,000 യൂറോ വീതം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇന്ത്യന്‍ സംസ്ഥാനമായ പഞ്ചാബില്‍ നിന്നും മറ്റും ജോലി തേടിയെത്തുന്ന തൊഴിലാളികളിലധികം പേരും കാര്‍ഷിക മേഖലയിലാണ് ജോലി ചെയ്യുന്നത്. ഇവര്‍ വലിയ ചൂഷണത്തിനിരയാകുന്നതായാണ് റിപ്പോര്‍ട്ട്