ജമ്മു കാശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം.
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച മൂന്ന് ഭീകരരെ വധിച്ച് ഇന്ത്യന്‍ സൈന്യം. കുപ്വാരയിലെ കേരന്‍ സെക്ടറില്‍ ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണെന്ന് സൈന്യം അറിയിച്ചു. നിരവധി ആയുധങ്ങളും മറ്റ് യുദ്ധക്കോപ്പുകളും സൈന്യം കണ്ടെടുത്തു.
ചിനാര്‍ കോര്‍പ്സ് എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഇന്ത്യന്‍ ആര്‍മി വിവരം അറിയിച്ചത്. ജമ്മു കാശ്മീര്‍ കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണങ്ങള്‍ അടുത്തിടെയായി വര്‍ധിച്ച് വരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ദിവസം റിയാസിയില്‍ തീര്‍ഥാടകരുമായി പോയ ബസിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു.
ബസ് തോട്ടിലേക്ക് മറിഞ്ഞ് ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ജൂലൈ എട്ടിന് കത്വയിലെ ബദ്നോട്ട പ്രദേശത്ത് സൈന്യത്തിന്റെ പട്രോളിങ് സംഘത്തിന് നേരെ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിരുന്നു. അതിനിടെ കുല്‍ഗാം ജില്ലയില്‍ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ സൈന്യം ആറ് ഭീകരരെ വധിച്ചിരുന്നു