ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ.
ചന്ദ്രനിലെ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണത്തിൽ നിർണായക കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിനടിയിൽ പ്രവേശിക്കാൻ സാധിക്കുന്ന ഗുഹാമുഖത്തിന്റെ തെളിവുകളാണ് ശാസ്ത്രലോകം കണ്ടെത്തിയത്. 55 വർഷം മുൻപ് അപ്പോളോ 11 ഇറങ്ങിയ പ്രദേശത്തിന് സമീപമാണ് ഭൂഗർഭ ഗുഹ കണ്ടെത്തിയത്. നീൽ ആംസ്ട്രോങ്ങും ബസ് ആൽഡ്രിനും ഇറങ്ങിയ സ്ഥലത്ത് നിന്ന് 250 മൈൽ (400 കിലോമീറ്റർ) അകലെ മാത്രമാണ് ഈ ഗുഹാമുഖം.
കണ്ടെത്തിയതിൽ വച്ച് ചന്ദ്രനിലെ ഏറ്റവും ആഴമേറിയ കുഴിയിൽ നിന്ന് ഈ ഗുഹയിലേക്ക് പ്രവേശിക്കാം. മാരേ ട്രാൻക്വിലിറ്റാറ്റിസ് (സമാധാനത്തിന്റെ കടൽ) എന്ന സ്ഥലത്താണ് ഇത് സ്ഥിതിചെയ്യുന്നത്. അവിടെ കണ്ടെത്തിയ 200-ലധികം കുഴികൾക്ക് സമാനമായി ലാവ ട്യൂബിന്റെ തകർച്ചയാണ് ഗുഹയുടെ സൃഷ്ടിക്ക് പിന്നിൽ.
നാസയുടെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിന്റെ റഡാർ ഡാറ്റകൾ അവലോകനം ചെയ്താണ് ഗവേഷകർ ഭൂഗർഭ ഗുഹയുടെ സാന്നിധ്യം കണ്ടെത്തിയത്. കണ്ടെത്തലുകൾ നേച്ചർ ആസ്ട്രോണമി ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഠിനമായ പരിസ്ഥിതിയിൽ നിന്ന് അഭയം നൽകാൻ പ്രദേശത്തിന് കഴിയുമെന്നും ചന്ദ്രനിൽ മനുഷ്യന്റെ പര്യവേക്ഷണത്തിന് പച്ചക്കൊടി വീശുന്നതുമാണ് പുതിയ കണ്ടെത്തലെന്നാണ് നിഗമനം. ഇത് സംബന്ധിച്ച് പഠനം വിപുലീകരിക്കാനാണ് ശാസ്ത്രജ്ഞരുടെ പദ്ധതി.