ജമ്മു കശ്മീരിലെ ദോഡയിൽ ഏറ്റുമുട്ടൽ; സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്

0

ദോഡ: ജമ്മു കശ്മീരിലെ ദോഡയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്ക്. മേഖലയിൽ സൈന്യവും കശ്മീർ പൊലീസും സംയുക്തമായി ആരംഭിച്ച ഓപ്പറേഷൻ തുടരുകയാണ്. തിങ്കളാഴ്ച വൈകിട്ടോടെ ജില്ലയിലെ ഡെസ്സ മേഖലയിൽ ഭീകരരും സൈന്യവും തമ്മിൽ വെടിവയ്‌പ്പുണ്ടായതോടെയാണ് സംയുക്ത ഓപ്പറേഷൻ ആരംഭിച്ചത്.

മേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. വടക്കൻ ദോഡ ജില്ലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സൈന്യത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.ചില സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഏറ്റുമുട്ടലിൽ പരിക്കേറ്റതായി പ്രാഥമിക റിപ്പോർട്ടുകളെ ഉദ്ധരിച്ച് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഭീകരരുടെ ഒളിത്താവളത്തിൽ നിന്ന് തുരുമ്പെടുത്ത പഴയ ആയുധങ്ങളും വെടിക്കോപ്പുകളും ജമ്മു കശ്മീർ പൊലീസ് കണ്ടെടുത്തു. 30 റൗണ്ട് എകെ 47, എകെ 47 റൈഫിളിന്റെ ഒരു മാഗസിൻ, ഒരു എച്ച്ഇ 36 ഹാൻഡ് ഗ്രനേഡ് എന്നിവയാണ് കണ്ടെത്തിയത്. ശിക്കാരിയിലെ ദലന്തോപ് പ്രദേശത്തുനിന്നും പഴയ ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും പൊലീസ് കണ്ടെടുത്തിരുന്നു.

 

You might also like