പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ.

0

രാമല്ല: പാലസ്തീൻ അഭയാർത്ഥികൾക്കായി 2.5 മില്യൺ ഡോളറിന്റെ ആദ്യ ഗഡു സഹായം കൈമാറി ഇന്ത്യ. പാലസ്തീനിലെ യുഎൻ റിലീഫ് ആൻഡ് വർക്ക്‌സ് ഏജൻസിയിലേക്കായി 5 മില്യൺ ഡോളർ ഈ വർഷം കേന്ദ്രസർക്കാർ കൈമാറും. ഇതിന്റെ ആദ്യ ഘട്ടമെന്ന നിലയിലാണ് 2.5 മില്യൺ ഡോളർ സംഘടനയ്‌ക്കായി കൈമാറിയത്. 1950ൽ രജിസ്റ്റർ ചെയ്ത യുഎൻആർഡബ്ല്യുഎ പാലസ്തീൻ അഭയാർത്ഥികൾക്കായി നേരിട്ടുള്ള ദുരിതാശ്വാസ സഹായം കൈമാറി വരുന്ന സംഘടനയാണ്. യുഎൻ അംഗരാജ്യങ്ങളിൽ നിന്ന് ലഭിക്കുന്ന സംഭാവനകൾ വഴിയാണ് യുഎൻആർഡബ്ല്യുഎ അവരുടെ പ്രവർത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്.

ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ സംഘടന അവരുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ്. തുക കൈമാറിയ വിവരം രാമല്ലയിലെ ഇന്ത്യൻ പ്രതിനിധിയുടെ ഓഫീസ് ആണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്. ” പാലസ്തീൻ അഭയാർത്ഥികൾക്കായി കേന്ദ്രസർക്കാർ 2.5 മില്യൺ യുഎസ് ഡോളറിന്റെ ആദ്യ ഗഡു സഹായം യുഎൻആർഡബ്ല്യുഎയ്‌ക്ക് കൈമാറി. 2024-25 വർഷത്തേക്കുള്ള വാർഷിക സംഭാവനയായി 5 മില്യൺ ഡോളർ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്”.

പാലസ്തീൻ അഭയാർത്ഥികളെ എല്ലാ രീതിയിലും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തിലാണ് യുഎൻആർഡബ്ല്യുഎ പ്രവർത്തിക്കുന്നത്. പാലസ്തീൻ അഭയാർത്ഥികൾക്ക് വേണ്ടി കഴിഞ്ഞ വർഷം വരെ 35 മില്യൺ യുഎസ് ഡോളറിന്റെ സാമ്പത്തിക സഹായം ഇന്ത്യ കൈമാറിയിട്ടുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ദുരിതാശ്വാസ സഹായം, സാമൂഹിക സേവനം എന്നീ വ്യത്യസ്ത മേഖലകളിലേക്കായാണ് ഈ തുക വിനിയോഗിക്കുന്നത്. അടുത്തിടെ ന്യൂയോർക്കിൽ നടന്ന യുഎൻആർഡബ്ല്യുഎ സമ്മേളനത്തിൽ സാമ്പത്തിക സഹായത്തിന് പുറമെ സംഘടനയിലേക്കായി മരുന്നുകളും നൽകുമെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

You might also like