നേപ്പാൾ ബസ് ദുരന്തം: അഞ്ചു മൃതദേഹങ്ങൾ കണ്ടെത്തി
കാഠ്മണ്ഡു: മണ്ണിടിച്ചിലിനെത്തുടർന്ന് രണ്ടു ബസുകൾ നദിയിൽ പതിച്ചു കാണാതായ 65 പേരിൽ ഒരു ഇന്ത്യക്കാരനടക്കം അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി. ബിഹാർ സ്വദേശി റിഷി പാൽ ഷാഹി(40) എന്നയാളുടെയും നാല് തദ്ദേശീയരുടെയും മൃതദേഹമാണു കണ്ടെത്തിയത്. അപകടസ്ഥലത്തുനിന്ന് 50 കിലോമീറ്റർ അകലെനിന്നാണ് ബിഹാർ സ്വദേശിയുടെ മൃതദേഹം കണ്ടെത്തിയത്.
കാണാതായ ആറ് ഇന്ത്യക്കാരടക്കം 60 പേർക്കായി തെരച്ചിൽ തുടരുകയാണ്. തലസ്ഥാനമായ കാഠ്മണ്ഡുവിൽനിന്ന് 100 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്- മുഗ്ലിംഗ് റോഡിൽ വെള്ളിയാഴ്ച പുലർച്ചെ 3.30ഓടെയായിരുന്നു സംഭവം. ബിർഗുഞ്ജിൽനിന്ന് കാഠ്മണ്ഡുവിലേക്ക് പോകുകയായിരുന്ന ഏഴ് ഇന്ത്യക്കാരടക്കം 24 പേർ കയറിയ ഏഞ്ചൽ ബസും കാഠ്മണ്ഡുവിൽനിന്ന് ഗൗറിലേക്ക് പോകുകയായിരുന്ന 41 പേർ കയറിയ ഗൺപത് ഡീലക്സ് ബസുമാണ് ദുരന്തത്തിൽപ്പെട്ടത്. മണ്ണിടിഞ്ഞപ്പോൾ ബസുകൾ ത്രിശൂലി നദിയിലേക്ക് വീഴുകയായിരുന്നു. ഗൺപത് ഡീലക്സ് ബസിൽ യാത്ര ചെയ്തിരുന്ന മൂന്നു പേർ മാത്രമാണു രക്ഷപ്പെട്ടത്.
സൈന്യവും പോലീസും മുങ്ങൽ വിദഗ്ധരുമുൾപ്പെടെ 500 പേരാണ് ബോട്ടുകളും ഡ്രോണുകളുമുൾപ്പെടെ ഉപയോഗിച്ച് തെരച്ചിൽ നടത്തിവരുന്നത്. നേപ്പാൾ സായുധസേനയുടെ വാട്ടർ ഡ്രോണുകളും തെരച്ചിലിനായി ഉപയോഗപ്പെടുത്തുന്നുണ്ട്.