തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ​ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ 229 പേർ മരിച്ചു.

0

അഡിസ് അബാബ: തെക്കൻ എത്യോപ്യയിലെ പർവ്വതപ്രദേശമായ ​ഗാഫയിലെ കെൻഷോ-ഷാച്ച പ്രദേശത്തുണ്ടായ മണ്ണിടിച്ചിൽ 229 പേർ മരിച്ചു. നിരവധിപ്പേരെ കാണാതായി. കനത്ത മഴയെ തുടർന്നാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിൽ അകപ്പെട്ടവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെ വീണ്ടും മണ്ണിടിഞ്ഞതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. അപകടത്തിൽപ്പെട്ട നിരവധിപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും അഞ്ച് പേരെ രക്ഷപ്പെടുത്തിയെന്നും ദുരന്ത നിവാരണ വിഭാ​ഗം ഡയറക്ടർ മാർകോസ് മെലസ് പറഞ്ഞു.

മരിച്ചവരിൽ 148 പുരുഷന്മാരും 81 സ്ത്രീകളും ഉണ്ടെന്നാണ് റിപ്പോർട്ട്. ഞായറാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് മണ്ണിടിച്ചിലിന് കാരണം. ദുരന്തത്തിൽ അ​ഗാധമായ ദുഃഖമുണ്ടെന്നും ദുരന്തത്തിൻ്റെ ആഘാതം കുറയ്ക്കാൻ ഫെഡറൽ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി അബി അഹമ്മദ് പറഞ്ഞു. എത്യോപ്യയിലെ ജനങ്ങളോടും ഗവൺമെൻ്റിനോടും ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നുവെന്നും കാണാതായവരെ കണ്ടെത്തുന്നതിന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും ആഫ്രിക്കൻ യൂണിയൻ ചെയർപേഴ്‌സൺ മൗസ ഫാക്കി മഹമത് പറഞ്ഞു.

You might also like