തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്‌കിറ്റ്: ക്ഷമാപണവുമായി ഒളിമ്പിക്സ് സംഘാടക സമിതി

0

പാരീസ്: ഒളിമ്പിക് ഉദ്ഘാടനച്ചടങ്ങില്‍ തിരുവത്താഴത്തെ പരിഹസിച്ചുള്ള സ്വവര്‍ഗാനുരാഗികളുടെ സ്‌കിറ്റ് ഉള്‍പ്പെടുത്തിയതില്‍ ക്ഷമ ചോദിച്ച് പാരീസ് ഒളിമ്പിക്സ് സംഘാടക സമിതി. ക്രൈസ്തവ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ പരിപാടിക്കെതിരേ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു.

ലിയാര്‍നാഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ അന്ത്യ അത്താഴ പെയിന്റിങിനെ അനുകരിച്ച് നടത്തിയ പാരഡി സ്‌കിറ്റാണ് വിവാദമായത്. സ്ത്രീവേഷം കെട്ടിയ പുരുഷന്മാരും ട്രാന്‍സ്‌ജെന്‍ഡര്‍ മോഡലും നഗ്‌ന ഗായകനും ഉള്‍പ്പെട്ട സ്‌കിറ്റിനെതിരേ ആഗോളതലത്തില്‍ കത്തോലിക്കാ വിശ്വാസികള്‍ രംഗത്തുവന്നിരുന്നു.

ഏതെങ്കിലും മത വിഭാഗത്തെ നിന്ദിക്കാന്‍ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലെന്ന് ‘പാരിസ് 2024’ വക്താവ് ആനി ഡെകാംപ്‌സ് പറഞ്ഞു. സമുദായ സഹിഷ്ണുത എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിപാടികള്‍. ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായി വക്താവ് കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ മെത്രാന്‍ സമിതി, മറ്റു രാജ്യങ്ങളിലെ കത്തോലിക്ക സഭാ നേതാക്കള്‍, യു.എസ് ഹൗസ് സ്പീക്കര്‍, ഇറ്റാലിയന്‍ ഉപപ്രധാനമന്ത്രി, കായിക-സിനിമാ താരങ്ങള്‍, മത പണ്ഡിതര്‍ ഉള്‍പ്പെടെ സ്‌കിറ്റിനെതിരേ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ‘പടിഞ്ഞാറന്‍ രാജ്യങ്ങളുടെ ധാര്‍മ്മിക ശൂന്യത’യെന്നാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്‍ അഭിപ്രായപ്പെട്ടത്

You might also like