ദുരന്ത ഭൂമിയായി വയനാട്: 36 മരണം സ്ഥിരീകരിച്ചു; മരണ സംഖ്യ ഉയരുന്നു

0

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ ഉയരുന്നു. മൂന്ന് കുട്ടികളുടേത് ഉൾപ്പെടെ 36 മരണം സ്ഥിരീകരിച്ചു. നിരവധി കുടുംബങ്ങളെ കാണാതായിട്ടുണ്ട്. സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മുണ്ടക്കൈയില്‍ മാത്രം നൂറോളം കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. കുടുങ്ങിയവരില്‍ വിദേശികളും അകപ്പെട്ടതായി സംശയമെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

പുലര്‍ച്ചെ രണ്ടോടെ ആയിരുന്നു ആദ്യം ഉരുള്‍പൊട്ടിയത്. പിന്നീട് 4.10 ന് വീണ്ടും ഉരുള്‍പൊട്ടി. ഇതില്‍ ഒരാള്‍ വിദേശി ആണെന്നാണ് റിപ്പോര്‍ട്ട്.
പ്രദേശത്ത് കനത്ത മഴ തുടരുകയാണ്. മേഖലയില്‍ നാനൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടതായാണ് വിവരം. നിരവധി പേര്‍ക്ക് പരുക്കേറ്റു. നിരവധി വാഹനങ്ങളും ഒഴുകിപ്പോയി. പ്രധാന റോഡും ചൂരല്‍മല ടൗണിലെ പാലവും തകര്‍ന്നതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) യുടെ 20 അംഗ സംഘം മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. പാലം തകര്‍ന്നതിനാല്‍ കൂടുതല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടേക്ക് എത്തിച്ചേരാന്‍ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

മുണ്ടക്കൈയിലെ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി സംബന്ധിച്ച വിവരവും പുറത്തുവന്നിട്ടില്ല. പൊലീസും ഫയര്‍ഫോഴ്സും ജന പ്രതിനിധികളും നിലവില്‍ ദുരന്തമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നുണ്ട്. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുള്‍ പൊട്ടിയത്.
മന്ത്രിമാര്‍ ഉള്‍പ്പെടെ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

You might also like