ജാര്‍ഖണ്ഡില്‍ ഹൗറ-മുംബൈ മെയില്‍ പാളം തെറ്റി: രണ്ട് പേര്‍ മരിച്ചു; ഇരുപതിലധികം പേര്‍ക്ക് പരിക്ക്
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ മുംബൈ-ഹൗറ മെയിലിന്റെ 18 ഓളം കോച്ചുകള്‍ പാളം തെറ്റി. ഇന്ന് പുലര്‍ച്ചെ 3.45 ഓടെയോടെയാണ് സംഭവം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായും ഇരുപതിലധികം പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു.
അപകടമുണ്ടായതിന് പിന്നാലെ നിരവധി ആളുകള്‍ സ്ഥലത്തേക്ക് എത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തുകയുമായിരുന്നു. അപകടമുണ്ടായ ട്രെയിനിന് സമീപത്ത് തന്നെ മറ്റൊരു ഗുഡ്സ് ട്രെയിനും പാളം തെറ്റിയതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വേ വക്താവ് ഓം പ്രകാശ് ചരണ്‍ അറിയിച്ചു. എന്നാല്‍ രണ്ട് അപകടങ്ങളും ഒരേ സമയം സംഭവിച്ചതാണോ എന്ന കാര്യം വ്യക്തമായിട്ടില്ല.
ജംഷഡ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെ ബരാബാംബു സ്റ്റേഷന് സമീപം വച്ചാണ് അപകടമുണ്ടായത്. 22 കോച്ചുകളുള്ള ഹൗറ-മുംബൈ മെയിലിലെ 18 കോച്ചുകളും പാളം തെറ്റുകയായിരുന്നു. ഇതില്‍ 16 എണ്ണം പാസഞ്ചര്‍ കോച്ചുകളാണ്. അപകടത്തില്‍ പരിക്കേറ്റവരെ ചക്രധര്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന് പിന്നാലെ ഇതുവഴിയുള്ള നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ച് വിടുകയും ചെയ്തിട്ടുണ്ട്